ജപ്പാനിൽ സുനാമിയില്ല, തത്സുകിയുടെ പ്രവചനം പാളി; പക്ഷേ ടെക്സസിൽ മിന്നൽ പ്രളയം!
text_fieldsറിയോ തത്സുകി, ടെക്സസിലെ പ്രളയത്തിൽ കരകവിഞ്ഞ് ഒഴുകുന്ന നദി
ജൂലൈ അഞ്ച് ശനിയാഴ്ച പുലർച്ചെ ജപ്പാൻ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു ബാബ വാൻഗ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകി തന്‍റെ പുസ്തകത്തിൽ പ്രവചിച്ചത്. ഫലമോ, ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിയുകയും തന്മൂലം ആ രാജ്യത്തെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തേണ്ട കോടികൾ ഇല്ലാതായി. പ്രവചനം പാളിയതോടെ, എങ്ങാനും സംഭവിച്ചാൽ നേരിടാനായി ജപ്പാൻ സ്വീകരിച്ച മുന്നൊരുക്കങ്ങൾക്ക് ചെലവഴിച്ച കോടികളും അനാവശ്യ ചെലവായി.
സമീപ ദിവസങ്ങളിൽ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ടൊകാരയിൽ അഞ്ഞൂറിലധികം ചെറുചലനങ്ങളുണ്ടായത് ആശയങ്ക ഉയർത്തിയിരുന്നു. എന്നാൽ തത്സുകി പ്രവചിച്ചതു പോലെ വലിയ സുനാമിയിലേക്കോ ദുരന്തത്തിലേക്കോ നയിക്കുന്ന വൻ ഭൂചലനമോ സുനാമിയോ ഉണ്ടായില്ല. എല്ലായിടത്തും ജനങ്ങൾ സുരക്ഷിതരാണെന്ന ആശ്വാസ വാർത്തയാണ് ജപ്പാനിൽനിന്ന് വരുന്നത്. എന്നാൽ അഗ്നിപർവതങ്ങൾ ധാരാളമുള്ള ‘പസഫിക് റിങ് ഓഫ് ഫയറി’ൽ സ്ഥിതിചെയ്യുന്ന ജപ്പാനിൽ എപ്പോൾ വേണമെങ്കിലും പ്രകൃതി ദുരന്തമുണ്ടാകാം എന്നതാണ് മറ്റൊരു യാഥാർഥ്യം.
ജപ്പാനിൽ റിയോ തത്സുകി പ്രവചിച്ച ഭയാനകമായ സുനാമി ഉണ്ടായില്ലെങ്കിലും ഏതാണ്ട് അതേസമയം യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയമുണ്ടായി. 24 പേർ മരിക്കുകയും അനവധി പേരെ കാണാതാവുകയും ചെയ്ത പ്രളയത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. സംഭവത്തിൽ യു.എസ് പ്രസിഡന്‍റ് ട്രംപ് ഉൾപ്പെടെ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നത്. തത്സുകിയുടെ പ്രവചനം ടെക്സസിൽ സംഭവിച്ചെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ജപ്പാന്റെ ടൂറിസം മേഖലയെയും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയും ആശങ്കപ്പെടുത്തിയുമാണ്, റിയോ തത്സുകി നേരത്തെ വൻ ദുരന്തം സംബന്ധിച്ച പ്രവചനം നടത്തിയിരുന്നത്. ഇത് മൂലം വിനോദ സഞ്ചാരികൾ ഉൾപ്പെടെ വൻതോതിലാണ് യാത്രകൾ ഒഴിവാക്കിയിരുന്നത്. വിമാനകമ്പനികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കണക്കനുസരിച്ച് അന്‍പത് ശതമാനത്തിലധികം ബുക്കിങ്ങുകള്‍ കുറഞ്ഞിട്ടുണ്ട്. സുനാമി ഉണ്ടാകുമെന്ന ഭയത്താലാണ് പലരും യാത്രകള്‍ ഒഴിവാക്കിയത്. 2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ 70 വയസുകാരി റിയോ തത്സുകി തന്‍റെ പുസ്തകത്തിൽ എഴുതിയത്.
2011ല്‍ ജപ്പാനിലുണ്ടായ സുനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണവും കൊറോണ വൈറസ് വ്യാപനം വരെ പല കാര്യങ്ങളും റിയോ തത്സുകി എഴുതിയതുപോലെ നടന്നതായി ജപ്പാൻ ജനത വിശ്വസിക്കുന്നതിനാൽ, ഭയം ഭരണകൂടത്തിൽ പോലും പ്രകടമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെ ആയിരുന്നു ഈ പ്രവചനം റിപ്പോർട്ട് ചെയ്തത്. ‘വാതാഷി ഗാ മിതാ മിറായി’ (ഞാന്‍ കണ്ട ഭാവി) എന്ന പേരില്‍ 1999ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

