Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭീഷണി വേണ്ട'; വിശ്വസനീയമായ ഉറപ്പുകൾ നൽകിയാൽ യു.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ

text_fields
bookmark_border
ഭീഷണി വേണ്ട; വിശ്വസനീയമായ ഉറപ്പുകൾ നൽകിയാൽ യു.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ
cancel

തെഹ്റാൻ: ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും എന്നാൽ പരസ്പര ബഹുമാനത്തിന്റെയും വിശ്വസനീയമായ ഉറപ്പുകളുടെയും അടിസ്ഥാനത്തിൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി. ബാഗ്ദാദിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക്ക് കോർപ്പറേഷന്റെ (OIC) 52മത് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലാണ് ഇറാന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ഇറാനും അമേരിക്കയും തമ്മിലുള്ള അണുശക്തി ചർച്ചകളും ഉപരോധങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകളും സ്തംഭനാവസ്ഥയിൽ തുടരുന്നതിനിടെയാണ് ഇറാന്റെ നിർണ്ണായക പ്രതികരണം. ഭീഷണികളോ ബലാപ്രയോഗങ്ങളോ ഇറാൻ വെച്ചുപൊറുപ്പിക്കില്ലെന്ന് അറാഗ്ചി ഊന്നിപ്പറഞ്ഞു. ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് ഇറാൻ പ്രതിജ്ഞാബദ്ധമാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ സംയുക്ത ആക്രമണം നടത്തുന്നതിന് മുമ്പ് ഹുർമുസ് പൂർണ്ണമായും തുറന്നുപ്രവർത്തിച്ചിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഖത്തർ മുഖേന അമേരിക്കയ്ക്ക് തങ്ങൾ വ്യക്തമായ ഏഴു ദിവസത്തെ പദ്ധതി കൈമാറിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ആവശ്യമായ നിബന്ധനകൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ജനങ്ങളെയും പരമാധികാരത്തെയും അവിഭാജ്യ താല്പര്യങ്ങളെയും സംരക്ഷിക്കാൻ ഇറാൻ ഏത് മാർഗ്ഗവും സ്വീകരിക്കും. അയൽരാജ്യങ്ങളെ ഇറാൻ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും, ആ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യു.എസ് സൈനിക താവളങ്ങളെ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ ഒരു രാജ്യത്തിന്റെയും വ്യോമാതിർത്തിയും പശ്ചാത്തലസൗകര്യങ്ങളും അയൽരാജ്യങ്ങളെ ആക്രമിക്കാനുള്ള താവളമായി ഉപയോഗിക്കാൻ അനുവദിക്കരുത്. ഒരു രാജ്യത്തിനും മറ്റുള്ളവരുടെ സുരക്ഷ പണയം വെച്ചുകൊണ്ട് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് അറാഗ്ചി കൂട്ടിച്ചേർത്തു.

മേഖലയിലെ പ്രശ്നങ്ങൾ പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളില്ലാതെ ഇവിടുത്തെ രാജ്യങ്ങൾ തന്നെ ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും തെഹ്റാനിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഹുർമുസ് കടലിടുക്കിലെ നിയന്ത്രണം കടുപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏപ്രിൽ 8-ന് വെടിനിർത്തൽ നിലവിൽ വരികയും ജൂൺ 18-ന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർചർച്ചകളിൽ പുരോഗതിയില്ലാത്തത് മേഖലയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ഭീഷണി വേണ്ട'; വിശ്വസനീയമായ ഉറപ്പുകൾ നൽകിയാൽ യു.എസുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ
Next Story