ചർച്ച നടക്കുന്നില്ലെന്ന് യു.എസ്; അനിശ്ചിതത്വമൊഴിയാതെ പശ്ചിമേഷ്യ
text_fieldsവാഷിങ്ടൺ/തെഹ്റാൻ: ഇറാനുമായി നിലവിൽ ചർച്ചകളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹുർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞതിനിടയിലും കടലിടുക്ക് തുറന്നിരിക്കുകയാണെന്നും പ്രവർത്തനക്ഷമമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ധാരണയിലേക്ക് അടുക്കുകയാണെന്ന് ഒമാനും ഇറാനും വ്യക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.
ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യു.എസ് ഉപരോധം പൂർണതോതിൽ തുടരുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. കടലിലെ മൈനുകൾ പൂർണമായി നീക്കിയെന്നും മറ്റു കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, കടലിടുക്കിൽനിന്ന് പുറത്തേക്ക് നീങ്ങിയ കപ്പലിനുനേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇറാനും രംഗത്തെത്തി. ‘പേർഷ്യൻ ഗൾഫ്’ എന്ന പേര് ട്രംപ് ശരിയായി എഴുതിയതുപോലെ ഹുർമുസ് കടലിടുക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയും ഉടൻ തിരുത്തപ്പെടുമെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. ഒമാനും ഇറാനും തമ്മിൽ രൂപപ്പെടുന്ന ധാരണയിലെ ചില വ്യവസ്ഥകളോട് ട്രംപ് ഭരണകൂടത്തിന് എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ, ഇരു രാജ്യങ്ങളും തമ്മിൽ കരാറിലെത്തിയാൽ യു.എസ് നിലപാട് കടുപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇറാനുമായി കരാറിലെത്തിയാൽ ഒമാനെ ആക്രമിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ഇറാൻ-ഒമാൻ കരാർ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ സാധ്യതകൾ പകരുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇറാനും ഒമാനും തമ്മിലുള്ള ധാരണ വാഷിങ്ടണും തെഹ്റാനും വീണ്ടും ചർച്ചയിലേക്ക് മടങ്ങുന്നതിനുള്ള വഴിതുറക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാ ആശങ്കകളും പരിഹരിക്കുന്ന ‘സമഗ്രവും സ്ഥിരവുമായ കരാറിലേക്ക്’ ഇത് നയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുല്ലാത്തിയും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം.
എന്നാൽ, ഒമാനെതിരായ ട്രംപിന്റെ ഭീഷണിയെക്കുറിച്ച് ഈജിപ്ത് പ്രതികരിച്ചില്ല. യു.എസും ഇറാനും തമ്മിൽ നിശ്ചയിച്ചിരുന്ന 60 ദിവസത്തെ ചർച്ചാ കാലാവധി ഈയാഴ്ച അവസാനിച്ചെങ്കിലും യുദ്ധം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

