'പാകിസ്താനിൽ വെറുപ്പിനും തീവ്രവാദത്തിനും സ്ഥാനമില്ല'; ദീപാവലി ആശംസകളുമായി പാക് പ്രധാനമന്ത്രി
text_fieldsലാഹോർ: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകളുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. പാകിസ്താൻ സമാാധാനത്തിന്റേയും സഹിഷ്ണുതയുടേയും നാടാണെന്നും ഇവിടെ വെറുപ്പിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നും ശരീഫ് പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പരാമർശം.
എല്ലാ ജനങ്ങളും തുല്യരാണെന്നും എല്ലാവർക്കും ഒരേ സ്വാതന്ത്ര്യവും അവകാശവുമാണ് ഉള്ളതെന്നും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപകനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തേയും രാജ്യത്തിനെതിരെ ഉയർന്നുവരുന്ന വെറുപ്പിനേയും നേരിടാൻ പാകിസ്താൻ ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുന്യൂനപക്ഷങ്ങൾക്കായി ഒരുപാട് ആനുകൂല്യങ്ങളാണ് സർക്കാർ നൽകിയിട്ടുള്ളത്.
സർക്കാർ ജോലികളിൽ അഞ്ച് ശതമാനം സംവരണം കൊണ്ടുവന്നതും ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തിന്മ, നന്മക്കുമേൽ നേടിയ വിജയത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണ് ദീപാവലിയെന്ന് പാകിസ്താൻ പ്രസിഡന്റ് അസിഫ് അലി സർദാരി പറഞ്ഞു. പാകിസ്താൻ ഭരണഘടന, എല്ലാവർക്കും തുല്യമായ അവകാശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹം വിദ്യാഭ്യാസം, കൊമേഴ്സ്, പൊതുസേവനം എന്നീ മേഖലകളിൽ നൽകിയ സംഭാവനകളേയും പ്രസിഡന്റ് സർദാരി അഭിനന്ദിച്ചു. പാകിസ്താൻ ജനസംഖ്യയിൽ നാല് ശതമാനം മാത്രമാണ് ന്യൂനപക്ഷങ്ങൾ. ഇതിൽ 5.2 മില്യൺ ഹിന്ദുക്കളും 3.3 മില്യൺ ക്രിസ്ത്യാനികളും ഏകദേശം 15,000ത്തോളം സിക്കുകാരും പാകിസ്താനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

