ചർച്ചയിൽ പുരോഗതിയില്ല; ഗസ്സയിൽ മരണം 32,226
text_fieldsഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 84 പേർകൂടി കൊല്ലപ്പെട്ടു. 106 പേർക്കുകൂടി പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 32,226ഉം പരിക്കേറ്റവർ 74,518ഉം ആയി. ഖാൻ യൂനിസ്, റഫ, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിൽ ഞായറാഴ്ച ശക്തമായ ബോംബാക്രമണം നടത്തി.
അതിനിടെ ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് റിപ്പോർട്ട്. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അമേരിക്കയിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
ഗസ്സയിൽ ബന്ദികളാക്കിയ ഇസ്രായേൽ സൈനികൻ മരുന്നും ഭക്ഷണവും ലഭിക്കാതെ മരിച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. സൈനികന്റെ മരണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദി മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങൾ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ യൂറോപ്പിലുടനീളം തുടരുന്നുണ്ട്. വെടിനിർത്തലിന് ആഹ്വാനം ചെയ്ത് വിയന്ന, മിലാൻ, ബെർലിൻ, ഡബ്ലിൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസം ആയിരങ്ങൾ ഫലസ്തീൻ പതാകയുമായി തെരുവിലിറങ്ങി.
ഗസ്സയിലേക്ക് സഹായ പ്രളയം ഉണ്ടാകണം -യു.എൻ മേധാവി
ഗസ്സ: പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മധ്യസ്ഥ ശ്രമങ്ങൾക്കുമായി ഈജിപ്തിൽ എത്തിയതാണ് അദ്ദേഹം.
തുള്ളികളായല്ല, സഹായത്തിന്റെ പ്രളയംതന്നെ ഉണ്ടാകണം. ഫലസ്തീനികൾ സാധാരണക്കാർ കൊല്ലപ്പെടുന്നതും ഉപരോധിച്ച് പട്ടിണിക്കിടുന്നതും അന്താരാഷ്ട്ര സമൂഹത്തിന് വിശ്വാസ്യതക്ക് കളങ്കമാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള ഫലപ്രദമായ ഒരേയൊരു വഴി കരമാർഗം സഹായമെത്തിക്കലാണ്. തോക്കുകൾ നിശ്ശബ്ദമാക്കുകയും വെടിനിർത്തൽ ഉറപ്പാക്കുകയും ചെയ്യേണ്ട സമയം കഴിഞ്ഞു. വടക്കൻ ഗസ്സയിലെ ക്ഷാമത്തെക്കുറിച്ച് യു.എൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഭക്ഷണം കാത്തുനിന്ന 19 പേരെ വെടിവെച്ച് കൊന്നു
ഗസ്സ: വിശക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന ഇസ്രായേൽ ക്രൂരതക്ക് അവസാനമില്ല. ഗസ്സ സിറ്റിയിൽ ഭക്ഷണ വിതരണത്തിന് കാത്തുനിൽക്കുന്ന 19 സാധാരണക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് ഒടുവിലെ സംഭവം. 23 പേർക്ക് പരിക്കേറ്റു.
ഗസ്സ സിറ്റിയുടെ തെക്കുകിഴക്ക് ഭാഗത്ത് കുവൈത്ത് റൗണ്ടബൗട്ടിന് സമീപമാണ് ഭക്ഷണത്തിന് കാത്തുനിൽക്കുന്നവർക്ക് നേരെ ടാങ്കുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ സമീപമുള്ള അഹ്‍ലി അറബ് ആശുപത്രിയിലേക്ക് മാറ്റി. ഗസ്സയിലെ ആരോഗ്യസംരക്ഷണ സംവിധാനം ഏതാണ്ട് തകർന്നതിനാൽ പലരെയും പുറത്ത് തുറന്ന അന്തരീക്ഷത്തിലാണ് ചികിത്സിക്കുന്നത്. ഭക്ഷണത്തിനായി കാത്തിരിക്കുന്നവർക്ക് നേരെ പലതവണ ഇസ്രായേൽ സൈനികർ വെടിവെപ്പും ബോംബാക്രമണവും നടത്തി.
അന്താരാഷ്ട്ര സമൂഹവും അമേരിക്ക ഉൾപ്പെടെ സഖ്യകക്ഷികളും അപലപിച്ചിട്ടും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ഗസ്സയിലെ ഫലസ്തീനികളിൽ പകുതിയും പട്ടിണി അനുഭവിക്കുകയാണ്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുംമാസങ്ങളിൽ കൂട്ട പട്ടിണിമരണത്തിന് സാക്ഷിയാകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

