അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പോലുമറിയില്ല; ഞങ്ങൾ എവിടേക്ക് പോകും -ഗസ്സ വാസികൾ ചോദിക്കുന്നു
text_fieldsഗസ്സ സിറ്റി: ഫലസ്തീനികളുടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തുകൊണ്ടാണ് ഇസ്രായേൽ ഓരോ കാലത്തും തങ്ങളുടെ ശക്തി തെളിയിച്ചത്. വർഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിൽ പൊറുതിമുട്ടുകയാണ് ഗസ്സ. ഇപ്പോൾ ആ മേഖലയും ബോംബിട്ട് തകർക്കുകയാണ് ഇസ്രായേൽ. ഗസ്സയെ ഒരു വിജനദ്വീപാക്കി മാറ്റുമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വീടും കിടപ്പാടവും ആൾബലവും നഷ്ടമായ ഫലസ്തീനി കുടുംബങ്ങൾ ദൈന്യത പങ്കുവെക്കുകയാണ് അൽജസീറയുമായി.
ശനിയാഴ്ച രാത്രി ഗസ്സയിൽ ഇസ്രായേൽ ബോംബിടുന്നതിന് തൊട്ടുമുമ്പാണ് ആമിർ അഷൂറിന്റെ ഭാര്യക്ക് പ്രസവവേദന തുടങ്ങിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ദമ്പതികൾക്ക് ഒരു ആൺകുട്ടിയും പിറന്നു. അവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു അത്. അവരുടെ സന്തോഷത്തിന് അൽപനേരത്തേ ആയുസേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ നിന്ന് എത്തിയപ്പോൾ വീടിന്റെ സ്ഥാനത്ത് കല്ലുകളുടെയും പാറക്കഷണങ്ങളുടെയും കൂമ്പാരമാണ് കണ്ടത്.
ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ നസറിലെ 11 നില കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിന്റെ ബോംബാക്രമണത്തിലാണ് ഈ 11 നില കെട്ടിടം തകർന്നടിഞ്ഞത്. വീട് തകരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അഷൂർ പറഞ്ഞു. 80 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേൽ ആക്രമണങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുകയായിരുന്നു. ആക്രമണങ്ങളിൽ ഇരുഭാഗത്തുനിന്നുമായി ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
"കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ഞങ്ങളെല്ലാവരുടെയും കിടപ്പാടം നഷ്ടമായിരിക്കുന്നു. ഇത്രയും കഠിനമായ ഒരു സാഹചര്യത്തിൽ ഞങ്ങളെങ്ങോട്ടാണ് പോവുക?"-അഷൂറിന്റെ ഇളയസഹോദരൻ ചോദിക്കുന്നു.
"പുലർച്ചെ നാലുമണിക്കാണ് ഇസ്രായേൽ ബോംബിടാൻ സാധ്യതയുള്ളതിനാൽ ടവർ ഒഴിയാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. ബോംബിടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് സിവിൽ ഡിഫൻസ് വാഹനങ്ങളും ആംബുലൻസുകളും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാൻ പാഞ്ഞത് അവിടെ താമസിച്ചിരുന്ന കുടുംബങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ടവർ ലക്ഷ്യമിട്ടതിന്റെ നടുക്കത്തിലാണ് ഞാൻ."-അൽഹാസ് പറഞ്ഞു. ഇപ്പോൾ സഹോദരനും എന്റെ കുടുംബവും ഭവനരഹിതരായി. അടുത്തതായി എന്താണ് സംഭവിക്കുക എന്ന് ഞങ്ങൾക്കറിയില്ല-അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

