ട്രംപിന് മുന്നറിയിപ്പുമായി ‘നോ കിങ്സ് മാർച്ച്’; 50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളിൽ പങ്കെടുത്തത് ലക്ഷങ്ങൾ
text_fieldsലോസ് എഞ്ചൽസിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് യു.എസ് നഗരങ്ങളിൽ കൂറ്റൻ പ്രതിഷേധ പ്രകടനങ്ങൾ. പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിൽ 50 സംസ്ഥാനങ്ങളിലായി നടന്ന റാലികളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. ‘നോ കിങ്സ് മാർച്ച്’ എന്ന പേരിൽ അരങ്ങേറിയ പ്രതിഷേധ റാലികൾ ന്യൂയോർക്ക് അടക്കം നഗരങ്ങളെ നിശ്ചലമാക്കി.
ഭരണാധികാരികൾ രാജാക്കന്മാരെ പോലെ പെരുമാറുന്നതിനെതിരായ സാമൂഹ്യ പ്രതിരോധമാണ് ‘നോ കിങ്സ് മാർച്ചി’ലൂടെ യു.എസിൽ അലയടിച്ചത്. 50 സംസ്ഥാനങ്ങളിലായി 2500ലേറെ പ്രതിഷേധ റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഒരുപോലെ വൻ ജനപങ്കാളിത്തമുണ്ടായി.
ട്രംപ് ഭരണകൂടത്തിന്‍റെ ഏകപക്ഷീയ നടപടികൾക്കെതിരെയായിരുന്നു ജനരോഷം. നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ച നടപടികൾ, സർക്കാർ പദ്ധതികളുടെ വെട്ടിച്ചുരുക്കൽ, ഇമിഗ്രേഷൻ റെയ്ഡുകൾ, രാഷ്ട്രീയ എതിരാളികൾക്കെതിരായ നിയമ നടപടികൾ തുടങ്ങിയവയാണ് പ്രതിഷേധത്തിന്‍റെ കാരണങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്നത്.
സർക്കാർ ഭരണഘടന അനുസൃതമായി പ്രവർത്തിക്കണമെന്ന ആവശ്യം എങ്ങും മുഴങ്ങി. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ആയിരക്കണക്കിന് ജനങ്ങൾ പ്ലക്കാർഡുകളുമായി പങ്കെടുത്തു. ഷിക്കാഗോ, ലോസ് ആഞ്ചൽസ്, വാഷിങ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിഷേധം ഇരമ്പി. മുൻനിര ഡമോക്രാറ്റിക് നേതാക്കളും ഹോളിവുഡ് താരങ്ങളും പങ്കെടുത്തു.
ട്രംപിന്‍റെ നടപടികൾ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തെരുവുകളും അടിപ്പാതകളുടെ കവാടങ്ങളിലും പ്ളക്കാർഡുകളും ബാനറുകളുമായി പ്രതിഷേധക്കാർ നിലയുറപ്പിച്ചതോടെ നഗരങ്ങൾ സ്തംഭിച്ചു. അതേസമയം വൈറ്റ് ഹൌസും റിപ്പബ്ലിക്കൻ നേതാക്കളും നോ കിങ്സ് മാർച്ചിനെ അപലപിച്ചു. അമേരിക്കയെ വെറുക്കുന്നവരുടെ പ്രകടനമാണ് നടന്നതെന്ന് ഇവർ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാർ തീവ്രഇടതുപക്ഷ സംഘടനകളുമായി ആഭിമുഖ്യമുള്ളവരാണെന്നും ഇവർക്ക് നിരോധിത സംഘടനയായ ആന്റിഫയുമായി ബന്ധമുണ്ടെന്നും റിപ്പബ്ളിക്കൻ നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

