ആലിംഗനമില്ല, ഹസ്തദാനം മാത്രം! മോദിയും ട്രംപും കൂടിക്കാഴ്ച നടത്തി; നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ
text_fieldsഎവിയൻ (ഫ്രാൻസ്): നീണ്ട 16 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ വേദിയിലാണ് ഇരുനേതാക്കളും പരസ്പരം കണ്ടത്. ലോകശ്രദ്ധ ആകർഷിച്ച ഈ കൂടിക്കാഴ്ചയിൽ നേതാക്കൾ പരസ്പരം കൈകൊടുത്ത് സംസാരിച്ചെങ്കിലും, സാധാരണയായി ഉണ്ടാകാറുള്ള ആലിംഗനം ഒഴിവാക്കിയത് ശ്രദ്ധേയമായി.
ബുധനാഴ്ച്ച ഇന്ത്യൻ സമയം വൈകുന്നേരം 6:30ന് നടക്കുന്ന പൂർണ തോതിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, തന്ത്രപരമായ സഹകരണം, പ്രാദേശിക സുരക്ഷ, പശ്ചിമേഷ്യൻ വിഷയങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന അജണ്ടയാകും. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനുള്ള പ്രധാന വേദിയായാണ് ഈ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം വീക്ഷിക്കുന്നത്.
ഹുർമുസ് കടലിടുക്കിൽ യു.എസ് നാവികസേനയുടെ ആക്രമണത്തിന് ഇരയായ വാണിജ്യ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ മരണപ്പെട്ട സംഭവം ചർച്ചകളിൽ പ്രമുഖമായി ഉയർന്നുവരുമെന്നാണ് സൂചന. സമുദ്ര വ്യാപാര പാതകളെ ആശ്രയിച്ചു കഴിയുന്ന ഇന്ത്യയ്ക്കും ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കും ഈ വിഷയം ഏറെ നിർണായകമാണ്.
'ഓപറേഷൻ സിന്ദൂർ', ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്താനുള്ള വാഷിങ്ടണിന്റെ തീരുമാനം എന്നിവയെത്തുടർന്ന് ഇന്ത്യ-യു.എസ് ബന്ധം കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ച നടക്കുന്നത്. സമീപമാസങ്ങളിൽ ഇരുനേതാക്കളും പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും, നേരിട്ടുള്ള ഈ കൂടിക്കാഴ്ച വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച കുറക്കാനും തർക്കങ്ങൾക്ക് പരിഹാരം കാണാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

