വെടിനിർത്തലിൽ അനിശ്ചിതത്വം; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക പുറത്തുവിടാതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് നെതന്യാഹു
text_fieldsഗസ്സ: ഒരുവർഷത്തിലേറെ നീണ്ട രക്തച്ചൊരിച്ചിലിനൊടുവിൽ നിലവിൽവന്ന ഗസ്സ വെടിനിർത്തൽ കരാറിൽ അവസാന നിമിഷം വീണ്ടും ഉടക്കിട്ട് ഇസ്രായേൽ. ആദ്യദിനം മോചിപ്പിക്കുന്ന മൂന്നു ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
മോചിപ്പിക്കുന്ന ആദ്യ മൂന്നു പേരുടെ വിവരങ്ങൾ ഇതുവരെ കിട്ടിയില്ല. പേരുകൾ കിട്ടാതെ വെടിനിർത്തലുമായി മുന്നോട്ടുപോകില്ലെന്നും പൂർണ ഉത്തരാവാദിത്വം ഹമാസിനാണെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയുടെയും ബന്ദിയാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സമ്മർദം കാരണം ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകരിച്ച ഹമാസ് - ഇസ്രായേൽ വെടിനിർത്തൽ കരാറിന് സമ്പൂർണ കാബിനറ്റും അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് വെടിനിർത്തലും ബന്ദി മോചനവും പ്രാബല്യത്തിൽ വരാനിരിക്കെയാണ് വീണ്ടും അനിശ്ചിതത്വം.
‘കരാർ ലംഘനങ്ങൾ ഇസ്രായേൽ സഹിക്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഹമാസിനു മാത്രമാണ്’ -നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ കരാറിന് അംഗീകാരം നൽകിയത്. പിന്നാലെ ചേർന്ന സമ്പൂർണ കാബിനറ്റ് യോഗം ആറുമണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ശനിയാഴ്ച പുലർച്ചെയോടെ കരാർ അംഗീകരിച്ചു.
കരാറിന്റെ ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസും ആയിരത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന ഞായറാഴ്ച മൂന്ന് വനിതാ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. പകരമായി 95 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും.
നാലുപേരെ ഏഴാം ദിവസവും ബാക്കിയുള്ള 26 പേരെ അഞ്ചാഴ്ചക്കകവും ഹമാസ് മോചിപ്പിക്കും. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന തടവുകാരുടെ പട്ടിക ഇസ്രായേൽ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചു.
ചെറുപ്പക്കാരും വനിതകളുമാണ് ഇതിൽ അധികവും. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ വിമോചന സംഘടനയായ പോപുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) നേതാവ് ഖാലിദ ജറാറും ഞായറാഴ്ച മോചിപ്പിക്കപ്പെടുന്നവരിൽ ഉൾപ്പെടും.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തിൽ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 23 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.
83 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച 50 ഇടത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. വെടിനിർത്തൽ വരാനിരിക്കെ നടത്തുന്ന ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഹമാസ് മുന്നറിയിപ്പുനൽകി.
ഇസ്രായേലിൽ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടർന്നാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഇതുവരെ 46,899 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 110,725 പേർക്ക് പരിക്കേറ്റു.
ഇസ്രായേൽ സൈന്യം ജനവാസ മേഖലയിൽനിന്ന് പിന്മാറും
വെടിനിർത്തൽ കരാറനുസരിച്ച് ഇസ്രായേൽ സൈന്യം ജനവാസ മേഖലയിൽ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും. കൂടുതൽ മാനുഷിക സഹായവും ഗസ്സയിലെത്തും. ഇതോടെ ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലുമടക്കം കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങാനാകും. ഇസ്രായേൽ ആക്രമണത്തിൽ ഏറക്കുറെ പൂർണമായി തകർക്കപ്പെട്ട ഗസ്സയിലേക്കാണ് ഇവർ തിരിച്ചെത്തുന്നത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ രണ്ടാം ഘട്ടത്തിൽ പുരുഷ സൈനികരെ ഹമാസ് മോചിപ്പിക്കും. ഇസ്രായേൽ സമ്പൂർണമായി പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

