Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അയവില്ല
cancel

തെഹ്റാൻ: അയൽരാജ്യങ്ങളെ ലക്ഷ്യമിടുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് പെസശ്കിയാൻ പ്രഖ്യാപിച്ചതിന് പിറകെയും രൂക്ഷ ആക്രമണം തുടർന്ന് യു.എസും ഇസ്രായേലും. ഇറാനിലെയും ലബനാനിലെയും വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെഹ്റാൻ, ഇസ്ഫഹാൻ നഗരങ്ങളിലായിരുന്നു ഇറാനിൽ ഏറ്റവും ശക്തമായ ബോംബിങ്. തെഹ്റാനിൽ പുലർച്ച രണ്ട് മണിയോടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ കൂട്ടമായി നടത്തിയ ആക്രമണത്തിൽ മെഹ്റാബാദ് വിമാനത്താവളം തകർത്തു. ഇവിടെ അൽഖുദ്സ് സേനക്കു കീഴിലെ 16 യുദ്ധവിമാനങ്ങൾ തകർത്തതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ആക്രമണം സിവിലിയൻ കേന്ദ്രത്തിനു നേരെയാണെന്നും സിവിലിയൻ വിമാനത്താവളങ്ങൾ ആക്രമിച്ചാൽ തിരിച്ചും സമാന ആക്രമണമുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തെഹ്റാനിൽ പട്ടണത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലായിരുന്നു ഏറ്റവും കനത്ത നാശം വിതച്ചത്. ഇവിടെ ആശുപത്രികൾ, സ്കൂളുകൾ, ജിമ്മുകൾ എന്നിങ്ങനെ സിവിലിയൻ കേന്ദ്രങ്ങളും യു.എസ്- ഇസ്രായേൽ ബോംബുകൾ ലക്ഷ്യമിട്ടതായി സി.എൻ.എൻ റിപ്പോർട്ട് പറയുന്നു. ലബനാനിൽ അഞ്ചു ദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ 294 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1000ലേറെ പേർക്ക് പരിക്കുണ്ട്.

ലബനാനിൽ ബെക്കാ താഴ്വരയിൽ ഇസ്രായേൽ കരസേനയും ഹിസ്ബുല്ലയും തമ്മിലെ പോരാട്ടത്തിൽ 41 പേർ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ജില്ലയായ ബഅ്‍ലബകിലെ നബി ശീത് ഗ്രാമത്തിൽ മൂന്ന് ലബനാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയൻ അതിർത്തി വഴി നാല് ഹെലികോപ്റ്ററുകളിൽ ഇസ്രായേൽ കമാൻഡോ യൂനിറ്റിനെ ഇറക്കിയതിനെതിരെ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഇവരും ഇസ്രായേൽ കമാൻഡോകളും തമ്മിൽ വെടിവെപ്പ് നടന്നു. പിറകെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിങ്ങും നടത്തി. ബൈറൂത്തിലുടനീളം കൂട്ടകുടിയൊഴിപ്പിക്കൽ നടത്തുന്നതിനൊപ്പമാണ് കമാൻഡോ നീക്കവും. ‘‘ഇരുട്ടിന്റെ മറവിൽ ഇസ്രായേൽ കമാൻഡോ വിഭാഗം നുഴഞ്ഞുകയറുകയായിരുന്നു’വെന്ന് ലബനാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. രാജ്യത്തിനകത്തേക്ക് സമീപനാളുകളിൽ നടക്കുന്ന ഏറ്റവും വലിയ കടന്നുകയറ്റമാണ് ബെക്കയിലേത്. ഇവിടെ ആക്രമണം തുടരുകയാണെന്നും ഇസ്രായേൽ സേനാ കടന്നുകയറ്റം ചെറുക്കാൻ നീക്കങ്ങൾ സജീവമാണെന്നും ലബനാൻ ഏജൻസിയായ ‘എൻ.എൻ.എ’ റിപ്പോർട്ട് പറയുന്നു. ഇസ്രായേൽ സേനക്കെതിരെ നീക്കം നടക്കുന്നതിനാൽ ഖർയത് ഷമോനയിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഹിസ്ബുല്ലയും നിർദേശം നൽകിയിട്ടുണ്ട്. ഹിസ്ബുല്ലക്ക് ഔദ്യോഗികമായി സായുധ പ്രവർത്തനങ്ങൾക്ക് ലബനാൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സായുധ സംഘടനയുടെ നേതൃത്വത്തിൽ പ്രത്യാക്രമണം ശക്തമായി തുടരുകയാണ്.

യു.എ.ഇയിൽ യു.എസ് സേന ഉപയോഗിക്കുന്ന അൽദഫ്റ വ്യോമതാവളത്തിനു നേരെ വൻ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതേക്കുറിച്ച് അമേരിക്കയോ യു.എ.ഇയോ പ്രതികരിച്ചിട്ടില്ല. 1986ൽ എഫ്-4 യുദ്ധവിമാനത്തിൽനിന്ന് താഴെവീണ ഇസ്രായേൽ സൈനികൻ റോൺ അവാദിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞാണ് ഇസ്രായേൽ കമാൻഡോകൾ ഇറങ്ങിയതെന്നാണ് വിശദീകരണം. കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ലബനാൻ സുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ സൂചനകൾ പ്രകാരമാണ് തിരച്ചിലെന്നും ഇസ്രായേൽ പറയുന്നു.

അതിനിടെ, ഇറാനിൽ ജനവാസമേഖലകളും ആക്രമണപരിധിയിൽ കൊണ്ടുവരുമെന്ന ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ‘‘ഇതിന് പ്രതികാരമായി അമേരിക്കൻ മേഖലകൾ, സേനകൾ, ഇതുവരെ ആക്രമണത്തിന്റെ ഭാഗമാകാത്ത പങ്കാളികൾ എന്നിവകൂടി ആക്രമണപരിധിയിൽ കൊണ്ടുവരുമെന്ന് ഇറാൻ പ്രതികരിച്ചു. ‘‘ഇന്ന് ഇറാനെതിരെ രൂക്ഷ ആക്രമണം നടത്തും. രാജ്യത്തെ ചില ഭാഗങ്ങളുടെ സമ്പൂർണ നാശവും ഉറപ്പായ മരണങ്ങളുമുണ്ടാകും’’- എന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതിനിടെ, കുവൈത്തിലെ അമേരിക്കൻ താവളത്തിൽ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് യു.എസ് സൈനികരുടെ മൃതദേഹങ്ങൾ അമേരിക്കയിലെത്തിച്ചു.

ഇറാനിൽ വിഭാഗീയത രൂക്ഷമാക്കി അധികാരമാറ്റത്തിന് ശ്രമം തകൃതിയാക്കിയ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ഇതുവരെയും രാജ്യത്ത് കാര്യമായ ചലനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറും കിഴക്കും അതിർത്തികൾ തകർത്തും കുർദുകളെ ഇളക്കിവിട്ടും ദിവസങ്ങളായി ട്രംപ് നേരിട്ട് ശ്രമങ്ങൾ സജീവമാണ്. എന്നാൽ, ഇറാനിൽ ജനം ഒറ്റക്കെട്ടായാണ് അമേരിക്കൻ- ഇസ്രായേൽ നീക്കങ്ങൾക്കെതിരെ നിലകൊള്ളുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Iran WarUS Iran WarUS Israel Iran War
News Summary - No flexibility
Next Story