ഗസ്സയെ നശിപ്പിക്കാൻ പരസ്യാഹ്വാനം നടത്തിയ ഇസ്രായേൽ ധനമന്ത്രിക്കും ‘ലിക്കുഡ്’ അംഗത്തിനുമെതിരെ ക്രിമിനൽ അന്വേഷണമില്ല
text_fieldsഗസ്സ സിറ്റി: ഫലസ്തീന്റെ സമ്പൂർണ നാശത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെയും ‘ലിക്കുഡ്’ പാർട്ടി അംഗം നിസ്സിം വാതുരിയുടെയും പ്രകോപനപരമായ പ്രസ്താവനകളിൽ ക്രിമിനൽ അന്വേഷണം ഇസ്രായേലിന്റെ മുഖ്യ നിയമ അധികാരികൾ തള്ളിയതായി ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിലെ രണ്ട് ഉന്നത നിയമ ഉദ്യോഗസ്ഥരായ അറ്റോർണി ജനറൽ ഗാലി ബഹാരവ് മിയരയും സ്റ്റേറ്റ് പ്രോസിക്യൂട്ടർ അമിത് ഇസ്മാനും ഈ വിഷയത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന് വാദിച്ചു. പ്രസ്താവനകളുടെ ഉള്ളടക്കം അവ്യക്തമാണെന്നും ക്രിമിനൽ കുറ്റമല്ലെന്നുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. വർധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മർദത്തിനിടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പൊതു പരാമർശങ്ങൾ ഇസ്രായേൽ അവലോകനം ചെയ്യാൻ നിർബന്ധിതമായിരുന്നു. എന്നാൽ, പ്രസംഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഒരു നെസെറ്റ് അംഗത്തിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കുന്നതിനുമുമ്പ് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അവരുടെ പാർലമെന്ററി സ്വാധീനം ചൂണ്ടിക്കാട്ടി ഇരുവരും അഭിപ്രായപ്പെട്ടു.
നിസ്സിം വാതുരിയുടേത് ‘അവ്യക്ത പ്രസ്താവന’യാണെങ്കിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ കേസിൽ പരാമർശങ്ങളുടെ മുഴുവൻ വ്യാപ്തിയും പരിശോധിച്ച ശേഷം ക്രിമിനൽ കുറ്റമല്ലെന്നും അതിനാൽ അന്വേഷണത്തിന് ഉത്തരവിടാൻ യാതൊരു അടിസ്ഥാനവുമില്ലെന്നും കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പ്രസ്താവിച്ചു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രഖ്യാപിച്ചതിനു മൂന്ന് ദിവസം മുമ്പാണ് ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ല എന്ന ഏറ്റവും പുതിയ തീരുമാനം എടുത്തതെന്ന് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ നഗരങ്ങൾ നശിപ്പിക്കാനും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള ജനങ്ങളെ മുഴുവനായും ഇല്ലാതാക്കാനും സ്മോട്രിച്ചും വാതുരിയും നിരവധി തവണ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിനുശേഷം ‘രണ്ട് വർഷത്തിനുള്ളിൽ ഗസ്സയിലെ ജനസംഖ്യ നിലവിലെ വലുപ്പത്തിന്റെ പകുതിയിൽ താഴെയാകുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ കഴിയും’ എന്ന് സ്മോട്രിച്ച് പ്രസ്താവിച്ചിരുന്നു. വാതുരി ഗസ്സ കത്തിക്കാനും ആഹ്വാനം ചെയ്തു. ഗസ്സയിൽ നിരപരാധികളായ സാധാരണക്കാർ ഇല്ലെന്നും നിരവധി തവണ വാദിച്ചു.
സ്മോട്രിച്ചിനും വാതുരിക്കും എതിരെ അഭിഭാഷകനായ ഇറ്റേ മാക്കാണ് പരാതി നൽകിയത്. അവരുടെ പ്രസ്താവനകൾ ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് പുറത്താണ്’ എന്നും ഉദ്യോഗസ്ഥരുടെ ന്യായീകരണം ‘അപമാനം വരുത്തുന്നു’ എന്നും അദ്ദേഹം വാദിച്ചു.
‘അറ്റോർണി ജനറലും സ്റ്റേറ്റ് പ്രോസിക്യൂട്ടറും ഇരുവർക്കും നിയമസാധുത നൽകുകയും പ്രകോപനപരമായ വാചാടോപങ്ങൾ സാധാരണമാക്കുകയും ചെയ്യുന്നു. അതിലും മോശം, അവർ തെരഞ്ഞെടുത്തതും വംശീയവുമായ പ്രവൃത്തിയിൽ ഏർപ്പെടുന്നുവെന്നതാണ്. ജൂത ഉദ്യോഗസ്ഥർക്ക് ഇതാവാം. അതേസമയം ജൂതന്മാരല്ലാത്ത പൗരന്മാരിൽ നിന്നുള്ള സമാനമായ പരാമർശങ്ങൾ അന്വേഷണങ്ങളിലും അറസ്റ്റുകളിലും കുറ്റപത്രങ്ങളിലും കലാശിക്കുന്നു’വെന്നും മാക്ക് പറഞ്ഞതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഫലസ്തീൻ കുട്ടികളെ ഭാവിയിലെ തീവ്രവാദികളായി വിശേഷിപ്പിച്ച റബ്ബി എലിയാഹു മാലിക്കെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

