വാഷിങ്ടൺ ഡി.സി: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള തന്‍റെ തീരുമാനത്തിൽ മാപ്പ് പറയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. താലിബാൻ അധികാരത്തിലേറിയ ശേഷം നടന്ന അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. കാബൂൾ വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെട്ടതിൽ ഖേദമുണ്ടെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ കാബൂൾ വിമാനത്താവളത്തിലുണ്ടായ രണ്ട് സ്ഫോടനങ്ങളിലായി 103 പേർ മരിക്കുകയും, 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 12 നാവികസേന ഉദ്യോഗസ്ഥരും, ഒരു നാവിക ഡോക്ടറും ഉൾപ്പെടെ 13 യു.എസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
20 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ 2021 ആഗസ്റ്റ് 31നാണ് അഫ്ഗാനിൽ നിന്നും യു.എസ് സൈന്യം പിൻവാങ്ങുകയും താലിബാൻ അധികാരത്തിലേറുകയും ചെയ്യുന്നത്. അതിനുശേഷം, അഫ്ഗാനിസ്ഥാൻ വലിയ മാനുഷിക പ്രതിസന്ധിയുടെ കീഴിലാണ്. താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാന്‍റെ വിദേശ ഫണ്ടുകൾ മരവിപ്പിക്കുകയും വിവിധ രാജ്യങ്ങൾ സഹായം നിർത്തുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തെ പട്ടിണി വർധിക്കുകയാണ്.