ഒമ്പത് പ്രവിശ്യ കേന്ദ്രങ്ങൾ താലിബാൻ നിയന്ത്രണത്തിൽ
text_fieldsകാബൂൾ: അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിെൻറ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. നിലവിൽ ഫൈസാബാദ്, ഫറ, പുലി ഖുമുരി, സാരെ പുൾ,ഷേബർഖാൻ, ഐബക്, കുന്ദൂസ്,തലൂഖാൻ, സരഞ്ജ് എന്നിങ്ങനെ ഒമ്പത് പ്രവിശ്യ കേന്ദ്രങ്ങൾ താലിബാെൻറ നിയന്ത്രണത്തിലാണ്. ഒരാഴ്ചയ്ക്കിടെയാണ് രാജ്യത്തെ 34 പ്രവിശ്യ തലസ്ഥാനങ്ങളിൽ ഒമ്പതെണ്ണവും നിയന്ത്രണത്തിലാക്കിയത്. അഫ്ഗാനിസ്താനിൽ 34 പ്രവിശ്യകളും 421 ജില്ലകളുമാണുള്ളത്.
ബഡക്ഷാൻ പ്രവിശ്യ തലസ്ഥാനമായ ഫൈസാബാദാണ് ഏറ്റവുമൊടുവിൽ താലിബാെൻറ കൈകളിലെത്തിയത്. കുന്ദൂസ് വിമാനത്താവളത്തിൽ നൂറുകണക്കിന് സൈനികർ താലിബാനു മുന്നിൽ കീഴടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവളവും താലിബാൻ പിടിച്ചെടുത്തു. വിമാനത്താവളമൊഴികെയുള്ള ഭാഗങ്ങളായിരുന്നു ഞായറാഴ്ച താലിബാൻ അധീനതയിലാക്കിയത്. ഇതോടെ അഫ്ഗാെൻറ 65 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
തജികിസ്താൻ,ഉസ്ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള അഫ്ഗാൻ അതിർത്തിയും താലിബാൻ കൈയടക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തി കടക്കില്ലെന്ന് താലിബാൻ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ റഷ്യ അണികളുമായി സംയുക്ത സൈനികാഭ്യാസം തുടരുകയാണ്.
ഖത്തർ തലസ്ഥാനമായ ദോഹയിൽ യു.എസ്,ചൈന,പാകിസ്താൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ സമാധാന ചർച്ചയിൽ അവ്യക്തത തുടരുകയാണ്. ചർച്ചയുെട ആദ്യദിനം റഷ്യ പങ്കെടുത്തിരുന്നില്ല. വടക്കൻ കാബൂളിലെ ബഗ്രാം വിമാനത്താവളത്തിനു നേർക്ക് റോക്കറ്റാക്രമണം നടത്തിയത് താലിബാൻ സ്ഥിരീകരിച്ചു.
കാന്തഹാറിലും ഹെൽമന്ദിലും പോരാട്ടം രൂക്ഷമാണ്. കാന്തഹാറിൽ സ്ത്രീകളും കുട്ടികളുമടക്കം 47 പേർ കൊല്ലപ്പെട്ടു. പോരാട്ടം രൂക്ഷമായതോടെ മസാരി ശരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരോടും പൗരൻമാരോടും മടങ്ങാൻ നിർദേശിച്ച ഇന്ത്യ ഇവർക്കായി പ്രത്യേക സേന വിമാനവും അയച്ചു. ഇതോടെ കാബൂളിലെ എംബസി ഒഴികെ അഫ്ഗാനിലെ എല്ലാ ഇന്ത്യൻ നയതന്ത്ര ഓഫിസുകളും പൂട്ടി. 90 ദിവസത്തിനുള്ളിൽ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കുമെന്നാണ് യു.എസ് ഇൻറലിജൻസ് റിപ്പോർട്ട്. ഒരുമാസത്തിനകം താലിബാൻ സായുധസേന കാബൂൾ വളയുമെന്നും യു.എസ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇത് അന്തിമ നിഗമനമല്ലെന്നും കടുത്ത പ്രതിരോധത്തിലൂടെ അഫ്ഗാൻ സൈന്യത്തിന് താലിബാനെ പരാജയപ്പെടുത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ,യുദ്ധമുഖമായ അഫ്ഗാനിസ്താനിലേക്ക് ആളുകളെ നാടുകടത്തുന്നത് ജർമനിയും നെതർലൻഡും നിർത്തിവെച്ചു.
രാജിവെച്ച് ധനമന്ത്രി രാജ്യംവിട്ടു
താലിബാൻ രാജ്യത്തെ വരുമാന സ്രോതസ്സിെൻറ മുഖ്യമായ കസ്റ്റംസ് പോസ്റ്റുകൾ പിടിച്ചെടുത്തതോടെ അഫ്ഗാൻ ധനകാര്യ മന്ത്രി ഖാലിദ് പയേന്ദ രാജിവെച്ചു. രാജിവെച്ചയുടൻ ഇദ്ദേഹം രാജ്യംവിട്ടതായാണ് റിപ്പോർട്ട്. അദ്ദേഹം എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല.
സൈന്യത്തെ പിൻവലിച്ചതിൽ ഖേദമില്ലെന്ന് ബൈഡൻ
താലിബാൻ വിരുദ്ധപോരാട്ടത്തിൽ യു.എസും അഫ്ഗാൻ സര്‍ക്കാറിനെ കൈയൊഴിഞ്ഞ മട്ടാണ്. അഫ്ഗാനിൽ നിന്ന് സൈന്യത്തെ തിരിച്ചു വിളിക്കാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്ഗാൻ ജനത ഒന്നിച്ചുനിൽക്കണമെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ മാധ്യമങ്ങളോടു പറഞ്ഞു. അഫ്ഗാനുള്ള മറ്റ് സഹായം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിൽനിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുന്ന നടപടി ഇക്കഴിഞ്ഞ മേയിൽ ഒൗേദ്യാഗികമായി ആരംഭിച്ചിരുന്നു. യു.എസ് പിൻമാറ്റം അറിയിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ചു.സൈനിക പിൻമാറ്റം പൂർത്തിയായാലുടൻ അഫ്ഗാനിലെ യു.എസ് എംബസിക്ക് മാത്രമാകും സൈനിക കാവലുണ്ടാകുക.
അഷ്റഫ് ഗനി മസാരി ശരീഫിൽ
കാബൂൾ: രൂക്ഷമായ പോരാട്ടം നടക്കുന്ന വടക്കൻ മേഖലയിലേക്ക് പറന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി. നാലുഭാഗവും താലിബാൻ സേനാംഗങ്ങളാൽ ചുറ്റപ്പെട്ട സൈനികർക്കു പിന്തുണ നൽകാനാണ് ഗനിയെത്തിയത്. താലിബാനെതിരെ നാട്ടു സൈന്യങ്ങളെ അണിനിരത്താനുള്ള ശ്രമത്തിലാണിദ്ദേഹം. ഒറ്റ രാത്രി കൊണ്ട് ഫൈസാബാദ് താലിബാൻ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് ഗനി മസാരി ശരീഫിൽ നേരിട്ടെത്തിയത്. ഇവിടുത്തെ അടുത്ത അനുയായികളായ അറ്റ മുഹമ്മദ് നൂറുമായും അബ്ദുൽ റഷീദ് ദോസ്തവുമായും ചര്‍ച്ച നടത്തിയ അദ്ദേഹം സൈനിക നീക്കങ്ങള്‍ വിലയിരുത്തി. മസാരി നഗരം കൂടി താലിബാൻ നിയന്ത്രണത്തിലായാൽ അഫ്ഗാനിലെ വടക്കൻ മേഖലയിലെ നിയന്ത്രണം സര്‍ക്കാറിന് പൂര്‍ണമായും നഷ്ടപ്പെടും. ഇത് ഗനി ഭരണകൂടത്തിന് വലിയ ആഘാതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

