നൈജറിൽ പട്ടാള അട്ടിമറി; പ്രസിഡന്‍റ് വീട്ടുതടങ്കലിൽ
text_fieldsനൈജറിൽ സൈന്യം ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
നിയമി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പ്രസിഡന്റിന്റെ സുരക്ഷ ചുമതലയുള്ള പ്രസിഡൻഷ്യൽ ഗാർഡിന്റെ നേതൃത്വത്തിൽ പട്ടാള അട്ടിമറി. ബുധനാഴ്ച പുലർച്ചെ പ്രസിഡന്‍റ് മുഹമ്മദ് ബാസൂമിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ തടങ്കലിലാക്കിയ സൈനികർ, പിന്നീട് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് അട്ടിമറി വിവരം പ്രഖ്യാപിച്ചത്.
ഒരു വിഭാഗം സൈനികർ മാത്രമാണ് അട്ടിമറിക്ക് പിറകിലെന്നും മറ്റു സൈനിക വിഭാഗങ്ങൾ ഇവർക്കെതിരെ രംഗത്തെത്തുമെന്ന് വിദേശകാര്യ മന്ത്രി ഹസൂമി മസൂദോവു അറിയിച്ചിരുന്നു. എന്നാൽ അട്ടിമറിയെ പിന്തുണച്ച് നൈജർ സേന തലവൻ അബ്ദു സിദ്ദീഖോവു ഈസ തന്നെ പ്രസ്താവന ഇറക്കിയതോടെ വിദേശ മന്ത്രിയുടെ പ്രഖ്യാപനം പാഴായി.
രാജ്യസുരക്ഷക്കുള്ള ദേശീയ കൗൺസിൽ എന്ന് സ്വയം വിശേഷിപ്പിച്ച അട്ടിമറി നടത്തിയ സൈനിക സംഘത്തിന്റെ വക്താവ് കേണൽ മേജർ അഹ്മദൗ അബ്ദുറഹ്മാനെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള ഭരണം അവസാനിപ്പിക്കാൻ പ്രതിരോധ, സുരക്ഷ സേനകൾ തീരുമാനിച്ചതായി വക്താവ് അറിയിച്ചു. നിലവിലെ ഭരണസംവിധാനം രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും എല്ലാ ഭരണഘടന സ്ഥാപനങ്ങളും സസ്പെൻഡ് ചെയ്യുകയും അന്താരാഷ്ട്ര അതിർത്തികൾ അടക്കുകയും ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ രാജ്യത്ത് രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.
അതിനിടെ വ്യാഴാഴ്ച രാവിലെ വീട്ടുതടങ്കലിൽ കഴിയുന്ന പ്രസിഡന്റ് മുഹമ്മദ് ബാസൂം പട്ടാള അട്ടിമറിക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ‘കഠിന പ്രയത്നത്തിലൂടെ രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങൾ സുരക്ഷിതമായിരിക്കുമെന്നും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാ നൈജറുകാർക്കും അത് കാണാനാകുമെന്നും’ അദ്ദേഹം കുറിച്ചു.
അട്ടിമറിക്കെതിരെ രംഗത്തിറങ്ങണമെന്ന് വിദേശകാര്യ മന്ത്രി ഹസൂമി മസൂദോവു പിന്നീട് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് സൈന്യവുമായി ചർച്ചക്കായി അയൽരാജ്യമായ നൈജീരിയ പ്രതിനിധികളെ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യകൂട്ടായ്മയുടെ പ്രതിനിധിയായി ബെനിൻ പ്രസിഡന്റ് പാട്രിക് ടെലനും മധ്യസ്ഥ ചർച്ചക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.
പട്ടാള അട്ടിമറിയെ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന്ന, യൂറോപ്യൻ യൂനിയൻ വിദേശ നയ തലവൻ ജോസപ് ബൊറൽ തുടങ്ങിയവർ അപലപിച്ചു.
യുറേനിയം സമ്പുഷ്ട രാജ്യമായ നൈജറിൽ യു.എസിനും ഫ്രാൻസിനും സൈനിക താവളങ്ങളുണ്ട്. പ്രസിഡന്‍റിന് പിന്തുണ പ്രഖ്യാപിച്ച ഒരു വിഭാഗം ആളുകൾ തലസ്ഥാന നഗരമായ നിയമിയിൽ ബുധനാഴ്ച റാലി നടത്തിയിരുന്നു. സൈന്യം മുന്നറിയിപ്പ് വെടിയുതിർത്തതോടെ ഇവർ പിരിഞ്ഞുപോയി. 2021 ഏപ്രിൽ രണ്ടിന് തെരഞ്ഞടുപ്പിലൂടെയാണ് ബാസൂം അധികാരത്തിലേറിയത്. സുരക്ഷസാഹചര്യം നിലവിൽ ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

