വ്യോമാതിർത്തി അടച്ച് നൈജർ: അയൽരാജ്യങ്ങളുടെ സൈനിക ഇടപെടൽ ചെറുക്കാനെന്ന് പട്ടാള ഭരണകൂടം
text_fieldsപട്ടാള ഭരണകൂടത്തിന്റെ തലവന്മാർ ഞായറാഴ്ച നിയമെയിൽ നടന്ന റാലിയിൽ
നിയമെ: രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ച് നൈജറിലെ പട്ടാള ഭരണകൂടം. പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് ഭരണം തിരിച്ചുനൽകണമെന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ അന്ത്യശാസനം തള്ളിയാണ് പട്ടാള ഭരണകൂടത്തിന്റെ നടപടി. തലസ്ഥാനമായ നിയമെയിലെ സ്റ്റേഡിയത്തിൽ പട്ടാള ഭരണത്തെ അനുകൂലിക്കുന്നവരുടെ റാലിയാണ് സേന നേതാക്കളുടെ പ്രഖ്യാപനം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സിന്റെ (ഇകോവാസ്) നേതൃത്വത്തിൽ സൈനിക നടപടിക്ക് സാധ്യതയുള്ളതിനാലാണ് വ്യോമാതിർത്തി അടക്കുന്നതെന്ന് സൈനിക ഭരണകൂട വക്താവ് ജനറൽ അമദോവു അബ്ദുറഹ്മാനെ പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വ്യോമാതിർത്തി അടച്ചിരിക്കുന്നത്. നൈജറിൽ ഇടപെടുന്നതിനായി രണ്ട് മധ്യാഫ്രിക്കൻ രാജ്യങ്ങളിൽ മുൻകൂറായി സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് വക്താവ് ആരോപിച്ചു. എന്നാൽ, രാജ്യങ്ങൾ ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
പുറത്താക്കിയ പ്രസിഡന്റിനെ പദവിയിൽ തിരിച്ചെടുക്കാൻ ഞായറാഴ്ച വരെയായിരുന്നു നൈജറിന് ഇകോവാസ് നൽകിയ സമയപരിധി. തുടർ നടപടികൾ സംബന്ധിച്ച് ഇകോവാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പട്ടാള അട്ടിമറിയെ തുടർന്ന് നൈജറിനുമേൽ സാമ്പത്തിക, യാത്ര ഉപരോധങ്ങൾ ഇകോവാസ് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, നൈജറിനുമേൽ പെെട്ടന്നുള്ള സൈനിക ഇടപെടലിന് സാധ്യതയില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിക്ക് തയാറെടുക്കാൻ ഇകോവാസിന് കൂടുതൽ സമയം ആവശ്യമാണെന്ന് അംഗരാജ്യങ്ങളിലൊന്നിന്റെ ഉയർന്ന സൈനിക കമാൻഡറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

