മയക്കുമരുന്ന് ഭീകരത, അഴിമതി... മദൂറോക്കെതിരെ കുറ്റങ്ങളേറെ; വിചാരണ അമേരിക്കൻ കോടതിയിൽ
text_fieldsമദൂറോയെയും ഭാര്യയെയും പാർപ്പിച്ച ന്യൂയോർക്കിലെ തടങ്കൽ പാളയത്തിന് മുന്നിലെ സുരക്ഷാ വിന്യാസം
ന്യൂയോർക്ക്: അമേരിക്ക തട്ടിക്കൊണ്ടുപോയ വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോക്കും ഭാര്യക്കും മകനും മന്ത്രിമാർക്കുമെതിരെ കടുത്ത കുറ്റങ്ങൾ ചുമത്തി യു.എസ് നീതിന്യായ വകുപ്പ്. മയക്കുമരുന്ന് കടത്തുകാർ എന്ന പേരിൽ മറ്റ് ചിലർക്കെതിരെയും കുറ്റം ചുമത്തി.
മദൂറോ അഴിമതി, മയക്കുമരുന്ന് ഭീകരതാ ഗൂഢാലോചന, വ്യാജ പാസ്പോർട്ട് കേസ്, ആയുധകുറ്റങ്ങൾ എന്നിവയടക്കമുള്ള കുറ്റങ്ങൾ ചെയ്തതതായി യു.എസ് ആരോപിച്ചു. ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യു.എസിലേക്ക് കടത്തുന്ന, അഴിമതി വിളയാടിയ നിയമവിരുദ്ധമായ സർക്കാറായിരുന്നു വെനിസ്വേലയിലേതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മാൻഹട്ടൻ കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക.
മദൂറോയും ഭാര്യയും അമേരിക്കൻ മണ്ണിൽ അമേരിക്കൻ നീതിയുടെ കോപം ഉടൻ നേരിടേണ്ടിവരുമെന്ന് അറ്റോണി ജനറൽ പാം ബോണ്ടി എക്സിൽ കുറിച്ചു. കൊക്കെയ്ൻ ഇന്ധനമാക്കിയ അഴിമതി തഴച്ചുവളരാൻ മദൂറോ അനുവദിച്ചുവെന്ന് യു.എസ് പറയുന്നു.
‘ലോകത്തിലെ ഏറ്റവും അക്രമാസക്തരുമായും മയക്കുമരുന്ന് കടത്തുകാരുമായും മയക്കുമരുന്ന് ഭീകരരുമായും പങ്കാളിത്തം സ്ഥാപിച്ച് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യു.എസിലേക്ക് കടത്താൻ മദൂറോ അനുവദിച്ചതായി കുറ്റപത്രത്തിലുണ്ട്. സിനലോവ കാർട്ടൽ, ട്രെൻ ഡി അരാഗ്വ സംഘം പോലുള്ള ശക്തവും അക്രമാസക്തവുമായ മയക്കുമരുന്ന് കടത്ത് സംഘടനകൾ വെനിസ്വേലൻ സർക്കാറുമായി നേരിട്ട് പ്രവർത്തിച്ചതായും പറയുന്നു.
സ്വന്തമായും കുടുംബത്തിനായും ഭരണകൂടത്തിലെ സഹപ്രവർത്തകർക്കയും നേട്ടമുണ്ടാക്കാൻ കൊക്കെയ്ൻ വഴിയുള്ള അഴിമതി തഴച്ചുവളരാൻ മദൂറോ അനുവദിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.
മയക്കുമരുന്ന് കടത്തുകാർക്ക് നിയമ പരിരക്ഷയും മറ്റ് പിന്തുണയും നൽകിയതായും 2020 ഓടെ പ്രതിവർഷം 250 ടൺവരെ കൊക്കെയ്ൻ കടത്തിയതായും യു.എസ് അധികാരികൾ ആരോപിക്കുന്നു.
അതിവേഗ കപ്പലുകൾ, മത്സ്യബന്ധന ബോട്ടുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവയിലൂടെയും രഹസ്യ വ്യോമതാവളങ്ങളിൽനിന്നുള്ള വിമാനങ്ങളിലൂടെയും മയക്കുമരുന്ന് കടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഏകപക്ഷീയ നടപടി യുദ്ധസമാനം -മംദാനി
ന്യൂയോർക്ക്: വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും തടവിലാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി.
പരമാധികാര രാഷ്ട്രത്തിനു നേരെ ഏകപക്ഷീയ സൈനിക നടപടിയുണ്ടായത് യുദ്ധത്തിന് സമാനമാണെന്നും യു.എസ് നിയമത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണിതെന്നും മംദാനി ‘എക്സി’ൽ കുറിച്ചു. ഭരണമാറ്റത്തിനുള്ള ശ്രമമാണ് ട്രംപിന്റെ നടപടിയെന്ന് വിശേഷിപ്പിച്ച മംദാനി, ഇതിന്റെ അനന്തരഫലങ്ങൾ വെനിസ്വേലയുടെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
“ഈ നടപടി വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാർ ഉൾപ്പെടെ ന്യൂയോർക്ക് നിവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു.” അമേരിക്കയിലെ ഏറ്റവും വലിയ വെനിസ്വേലൻ സമൂഹങ്ങളിലൊന്നാണ് ന്യൂയോർക്കിലേത്. അവരിൽ പലരും സ്വന്തം രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകർച്ചയും മൂലം പലായനം ചെയ്തവരാണ്. മദുറോയെ യു.എസ് സൈന്യം പിടികൂടിയത് കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വെനിസ്വേലയിൽ നിന്നുള്ളവർക്കിടയിൽ ഭയവും അനിശ്ചിതത്വവും വർധിപ്പിക്കുമെന്നും മംദാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

