കറാക്കാസിലെ മദൂറോ അനുകൂല പ്രക്ഷോഭ ദൃശ്യങ്ങളുടെ സംപ്രേഷണം തുടർന്ന് വെനിസ്വേല സർക്കാർ ടി.വി
text_fieldsന്യൂയോർക്ക്: വെനിസ്വേല ഭരിക്കാൻ യു.എസ് സർക്കാർ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ വെനിസ്വേലൻ ഔദ്യോഗിക ടി.വിയിൽ അമേരിക്ക തട്ടിക്കൊണ്ടു പോയ പ്രസിഡന്റ് നികളസ് മദൂറോക്ക് അനുകൂലമായ പ്രചാരണം തുടർന്നു. പ്രതിഷേധവുമായി കറാക്കാസിൽ തെരുവിലിറങ്ങുന്ന അനുയായികളുടെ തത്സമയ ചിത്രങ്ങൾ സർക്കാർ ടി.വിയിൽ സംപ്രേഷണം ചെയ്തു. കാറക്കസിൽ ശനിയാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ വ്യോമതാവളവും സിവിലിയന്മാരുടെ നിരവധി വാഹനങ്ങളും തകർന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
അതിനിടെ, മദൂറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായിരുന്ന ഡെൽസി റോഡ്രിഗ്വസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു നടപടി. മദൂറോയെ മോചിപ്പിക്കണമെന്ന് ഡെൽസി ആവശ്യപ്പെട്ടു.
തലസ്ഥാനമായ കറാക്കസിലെ സൈനികത്താവളത്തിലെ വീട്ടിൽനിന്ന് ശനിയാഴ്ച പുലർച്ച പിടികൂടിയ നികളസ് മദൂറോയെയും ഭാര്യയെയും ഹെലികോപ്റ്ററിലാണ് കടത്തിയത്.
ഇവരെ യു.എസിൽ അധികൃതർ ചോദ്യം ചെയ്തു. മയക്കുമരുന്ന് വിരുദ്ധ ഏജൻസി ന്യൂയോർക്കിൽ തടങ്കൽ കേന്ദ്രത്തിലാണ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കാനാണ് സാധ്യത. ആയുധക്കുറ്റവും അഴിമതിയും മയക്കുമരുന്ന് ഭീകരതയുമടക്കമുള്ള കുറ്റങ്ങൾ മദൂറോക്കും കുടുംബത്തിനുമെതിരെ ചുമത്തി. അഴിമതി നിറഞ്ഞതും നിയമവിരുദ്ധവുമായ സർക്കാറാണ് മദൂറോയുടേതെന്നും യു.എസ് ആരോപിക്കുന്നു. മാൻഹാട്ടൻ കോടതിയിലാകും മദൂറോയുടെ വിചാരണ നടക്കുക. താൽക്കാലികമായെങ്കിലും വെനിസ്വേലയെ ഭരിക്കുമെന്നും അവിടത്തെ വിശാലമായ എണ്ണശേഖരം മറ്റ് രാജ്യങ്ങൾക്ക് വിൽക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹെലികോപ്റ്ററിൽനിന്ന് കരീബിയൻ കടലിൽ യു.എസ് യുദ്ധക്കപ്പലായ യു.എസ്.എസ് ഇവോ ജിമയിലേക്കാണ് ഇരുവരെയും മാറ്റിയത്.. ഇവിടെ സ്വെറ്റ് സ്യൂട്ട് ധരിച്ച് കണ്ണുകെട്ടി ഇരിക്കുന്ന മദൂറോയുടെ ചിത്രം ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. കപ്പലിൽനിന്ന് വിമാനത്തിൽ കയറ്റി ന്യൂയോർക്ക് നഗരത്തിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. അവിടെനിന്ന് ഹെലികോപ്റ്ററിൽ മാൻഹട്ടനിലേക്ക് കൊണ്ടുപോയി. യു.എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ ഓഫിസിലേക്കാണ് പിന്നീട് കൊണ്ടുപോയത്.
യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ട്രംപ് അധിനിവേശം നടത്തിയത്. യുഎസിലേക്കുള്ള അപകടകരമായ മയക്കുമരുന്നുകളുടെ ഒഴുക്ക് കുറക്കുന്നതിനുള്ള നടപടിയായാണ് ട്രംപിന്റെ ന്യായീകരണം. അങ്ങേയറ്റം വിജയകരമായ ‘പ്രവർത്തനം’ അമേരിക്കൻ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്നവർക്കും ജീവൻ അപകടപ്പെടുത്തുന്നവർക്കും മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞു.
അപകടകരമായ കീഴ്വഴക്കമെന്ന് യു.എൻ സെക്രട്ടറി ജനറൽ
പുതിയ സംഭവവികാസങ്ങൾ അപകടകരമായ കീഴ്വഴക്കമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസിന്റെ വക്താവ് പറഞ്ഞു. യു.എൻ ചാർട്ടർ ഉൾപ്പെടെ അന്താരാഷ്ട്ര നിയമത്തെ എല്ലാവരും പൂർണമായി ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം സെക്രട്ടറി ജനറൽ ഊന്നിപ്പറയുന്നതായും അന്താരാഷ്ട്രനിയമങ്ങൾ മാനിക്കപ്പെടാത്തതിൽ സെക്രട്ടറി ജനറൽ ആശങ്കയിലാണെന്നും യു.എൻ വക്താവ് പറഞ്ഞു. റഷ്യയും ചൈനയും മെക്സികോയുമടക്കമുള്ള രാജ്യങ്ങൾ അധിനിവേശത്തെ അപലപിച്ചു. ഇസ്രായേൽ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

