യു.എസ് കസ്റ്റഡിയിൽ കഴിയുന്ന വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ആദ്യ ചിത്രങ്ങൾ പുറത്ത്
text_fieldsവാഷിങ്ടൺ: കഴിഞ്ഞ ജനുവരിയിൽ വെനിസ്വേലൻ തലസ്ഥാനമായ കറാക്കസിൽ നിന്ന് യു.എസ് സ്പെഷ്യൽ ഫോഴ്സ് തട്ടിക്കൊണ്ടുപോയ മുൻ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്കയിലെ തടങ്കലിൽ കഴിയുന്ന അദ്ദേഹത്തിന്റെ രണ്ട് ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, തോക്ക് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ തടങ്കൽ കേന്ദ്രത്തിലാണ് അദ്ദേഹത്തെയും ഭാര്യ സിലിയ ഫ്ലോറസിനെയും പാർപ്പിച്ചിരിക്കുന്നത്. തങ്ങൾക്കെതിരെയുള്ള ഈ ആരോപണങ്ങൾ ഇരുവരും നിഷേധിച്ചിട്ടുണ്ട്.
എക്സ്, ടെലഗ്രാം എന്നീ സാമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് മദൂറോ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്.‘എന്റെ എല്ലാ പേരക്കുട്ടികൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഞങ്ങളെ സ്നേഹിക്കുന്ന നല്ലവരായ എല്ലാ മനുഷ്യർക്കും ചെറിയൊരു സമ്മാനമായാണ് ഞാൻ ഈ ഫോട്ടോകൾ അയക്കുന്നത്’ എന്ന് അദ്ദേഹം സ്പാനിഷ് ഭാഷയിൽ കുറിച്ചു. പ്രതിസന്ധികൾക്കിടയിലും തങ്ങൾ ഉറച്ചുനിൽക്കുന്നുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടെന്നും വെനിസ്വേല വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചാരനിറത്തിലുള്ള ട്രാക്ക് സൂട്ട് ധരിച്ച് കൈകൾ കൊണ്ട് വിജയം സൂചിപ്പിക്കുന്ന രീതിയിലുള്ള ഭാവങ്ങളിലാണ് രണ്ട് ചിത്രങ്ങളിലും മദൂറോ ഉള്ളത്. തടവിലാക്കപ്പെട്ടതിനുശേഷം അദ്ദേഹം വളരെ അധികം മെലിഞ്ഞതായി ചിത്രങ്ങളിൽ വ്യക്തമാണ്. ഞായറാഴ്ചയാണ് ഈ പോസ്റ്റുകൾ പുറത്തുവന്നതെങ്കിലും, ചിത്രങ്ങളിലെ ടൈംസ്റ്റാമ്പ് പ്രകാരം ഇവ ജൂൺ 25-നാണ് എടുത്തതെന്ന് വ്യക്തമാകുന്നു. വെനിസ്വേലയുടെ വടക്കൻ ഭാഗങ്ങളിൽ ഭീകരമായ ഭൂചലനം ഉണ്ടായി ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടതിന് തൊട്ടടുത്ത ദിവസമായിരുന്നു അത്.
ജയിലിൽ കഴിയുന്ന മഡുറോക്ക് പത്രങ്ങളോ ഇന്റർനെറ്റോ ഉപയോഗിക്കാൻ അനുവാദമില്ല. എങ്കിലും കുടുംബാംഗങ്ങളോടും അഭിഭാഷകരോടും മാസത്തിൽ ഏകദേശം 300 മിനിറ്റോളം ഫോണിൽ സംസാരിക്കാൻ അദ്ദേഹത്തിന് അനുവാദമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കയും വെനിസ്വേലയും തമ്മിൽ എണ്ണക്കരാർ ഒപ്പുവെച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മദൂറോയുടെ ഈ സന്ദേശം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യു.എസിന് വെനിസ്വേലയിൽ എണ്ണപ്പാടങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകുന്ന ചരിത്രപരമായ കരാർ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

