നികളസ് മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിച്ചു; ചോദ്യം ചെയ്യൽ ബ്രൂക്ലിനിലെ ഡിറ്റൻഷൻ സെന്ററിൽ
text_fieldsകറാക്കസ്: വെനിസ്വേലയിലെ തലസ്ഥാനമായ കറാക്കസിൽ കടന്നുകയറി യു.എസ് സേന ബന്ദിയാക്കിയ പ്രസിഡന്റ് നികളസ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെത്തിച്ചു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.
ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് പുറത്തുവിട്ടത്. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മദൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടും. വേണ്ടിവന്നാൽ രാജ്യത്ത് വീണ്ടും ആക്രമണം നടത്താൻ തയാറാണ്. വെനിസ്വേലയിലെ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ യു.എസ് കമ്പനികൾ രംഗത്തിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
വെനിസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശത്തിൽ രൂക്ഷ പ്രതികരണവുമായി ലോക രാജ്യങ്ങൾ രംഗത്തെത്തി. യു.എൻ അടിയന്തര യോഗം വിളിക്കണമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേലക്കും യു.എസിനും ഇടയിൽ സ്പെയിൻ വിദേശകാര്യ മന്ത്രാലയം മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ചു.
യു.എസിനെ കടുത്ത ഭാഷയിൽ വിമർശിച്ചും നടപടിയെ അപലപിച്ചും റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും നയതന്ത്രത്തിനുമേൽ പ്രത്യയശാസ്ത്ര വൈര്യത്തിന്റെ വിജയമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. യു.എസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. വെനിസ്വേലയുടെ സ്വയം നിർണയാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. യു.എസ് നടപടിയെ ക്രിമിനൽ ആക്രമണം എന്നാണ് ക്യൂബ പ്രസിഡന്റ് ബെർമ്യൂഡസ് വിശേഷിപ്പിച്ചത്.
അതേസമയം, അമേരിക്കയുടെ നടപടിയെ ന്യായീകരിച്ചും പ്രശംസിച്ചും അർജന്റീന പ്രസിഡന്റ് യാവിയർ മിലെയ് രംഗത്തെത്തി. ‘സ്വാതന്ത്ര്യം നീണാൾ വാഴട്ടെ! മദൂറോ ഭരണം തുലയട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ നിഷ്പക്ഷ നിലപാടെന്നും സംഭവവികാസങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ ഇറ്റലിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

