മദുറോ എന്ന ഇടത് കരുത്തൻ, സായ് ഭക്തൻ
text_fieldsകറാക്കസ്: ബൊളിവേറിയൻ വിപ്ലവത്തിനു ശേഷം വെനിസ്വേലയിൽ അധികാരത്തിലെത്തിയ ഹ്യൂഗോ ചാവേസിന്റെ അടുത്ത അനുയായിയായിരുന്നു നികളസ് മദുറോ മോറസ്. യുനൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കരുത്തനായ നേതാവായ മദുറോ ആദ്യംകാലം മുതൽ തന്നെ അമേരിക്കയുടെ കടുത്ത വിമർശകനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻ ഭരണകാലം മുതൽ നോട്ടമിട്ടതാണ് ഈ ഭരണത്തലവനെ. 1962 നവംബർ 23ന് തൊഴിലാളി കുടുംബത്തിൽ ജനിച്ച മദുറോ പിന്നീട്, രാജ്യത്തിന്റെ ഉന്നത സ്ഥാനത്തെത്തി. പിതാവ് ട്രേഡ് യൂനിയൻ നേതാവായിരുന്നു.
1992ൽ ചാവേസ് സൈനിക ഉദ്യോഗസ്ഥനായിരിക്കെ, അട്ടിമറി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് ജയിലിലായ ചാവേസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിൽ മദുറോയുണ്ടായിരുന്നു. പിന്നീട്, 1998ന് ശേഷം ചാവേസ് യുഗം തുടങ്ങിയതോടെ മദുറോ രാഷ്ട്രീയത്തിൽ സജീവമായി. നാഷനൽ അസംബ്ലിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മദുറോ വിദേശകാര്യ മന്ത്രിയുമായി. ചാവേസ് ശസ്ത്രക്രിയക്കായി ക്യൂബയിലേക്ക് പോകുന്നതിനു മുമ്പ് മദുറോയെ പിൻഗാമിയായി പ്രഖ്യാപിക്കുകയായിരുന്നു.
2013ൽ നേരിയ വ്യത്യാസത്തിനാണ് മദുറോ ആദ്യമായി പ്രസിഡന്റായി വിജയിച്ചത്. സാമ്പത്തിക പ്രതിസന്ധിയടക്കം പലതരം പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് നേരിടേണ്ടിവന്നത്. സാമ്പത്തിക ഉപരോധം കാരണം ദാരിദ്ര്യവും പട്ടിണിയും മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വ്യാപകമായിരുന്നു. 2018ൽ മദുറോ അധികാരം നിലനിർത്തി. 2020ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും അമേരിക്കയുടെ നേതൃത്വത്തിൽ അധികാരഭ്രഷ്ടനാക്കി. 2025 ജനുവരിയിലാണ് അടുത്ത ഘട്ടത്തിൽ പ്രസിഡന്റായത്. ഈ തെരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപിച്ച് രാജ്യത്ത് പ്രക്ഷോഭം നടന്നു.
അമേരിക്കയുടെ കടുത്ത വിമർശകനായിരുന്ന മദുറോ, തന്റെ സർക്കാറിനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾക്ക് അമേരിക്ക നേതൃത്വം നൽകുന്നെന്ന് നിരന്തരം ആരോപിച്ചു. മദുറോയുടേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും പാശ്ചാത്യ സർക്കാറുകളും പ്രതിപക്ഷ നേതാക്കളും ആരോപിച്ചു.
സായ്ബാബയും മദുറോയും
സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ മദുറോക്ക് ഇന്ത്യയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. പുട്ടപർത്തിയിലെ സത്യസായ്ബാബയുടെ ആശയങ്ങളിൽ വിശ്വസിച്ച മദുറോ 2005ൽ വിദേശകാര്യമന്ത്രിയായിരിക്കെ, പുട്ടപർത്തിയിലെ പ്രശാന്തി നിലയം സന്ദർശിച്ചു. ഭാര്യ വഴിയാണ് സായ്ഭക്തിയിലേക്ക് മദുറോ മാറിയത്. തന്റെ ഭരണകേന്ദ്രമായ മിറഫ്ലോറസ് പാലസിലെ ഓഫിസിലെ ചുമരിൽ സായ്ബാബയുടെ ചിത്രവും തൂങ്ങിക്കിടന്നിരുന്നു. 2011ൽ സായ്ബാബ മരിച്ചപ്പോൾ വെനിസ്വേലയിൽ ചാവേസ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചത് മദുറോയുടെ സ്വാധീനഫലമായിരുന്നു. ഇന്ത്യയെയും ചൈനയെയും സ്നേഹിക്കുന്ന തനിക്ക് ഇന്ത്യയോടാണ് കൂടുതൽ ഇഷ്ടമെന്ന് ഒരിക്കൽ മദുറോ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

