സിഗരറ്റ് വാങ്ങുന്നതിൽനിന്ന് വരുംതലമുറയെ വിലക്കാൻ ന്യൂസിലൻഡ്
text_fieldsവെലിങ്ടണ്: ഭാവിതലമുറ സിഗരറ്റ് വാങ്ങുന്നത് വിലക്കി നിയമം പാസാക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. 2027ഓടുകൂടി പുകവലിക്കാത്ത യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അതിെൻറ ഭാഗമായി14 വയസ്സില്‍ താഴെയുള്ളവർ സിഗരറ്റ് വലിക്കുന്നത് നിരോധിക്കും. ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് പുകവലി ശീലം തുടങ്ങുന്നത് എന്ന പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുകയില ഉല്പന്നങ്ങളില് നിക്കോട്ടിെൻറ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം 2022 ജൂണ്‍ മാസത്തോടു കൂടി ബില്‍ പാര്‍ലമെൻറില്‍ അവതരിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പദ്ധതി. 50.8 ലക്ഷമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. രാജ്യത്ത് 15 വയസ്സിന് മുകളിലുള്ള 11.6 ശതമാനം പേരാണ് സിഗരറ്റ് വലിക്കുന്നത്. പുകവലി കാരണം ന്യൂസിലന്‍ഡില്‍ 5000 പേര് ഒരു വര്‍ഷം മരിക്കുന്നതായി റിപ്പോർട്ടുണ്ട്.