Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആദ്യ ദിനം മുതൽ നികുതിരഹിതം’: മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

text_fields
bookmark_border
‘ആദ്യ ദിനം മുതൽ നികുതിരഹിതം’: മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം
cancel

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലാൻഡ് സന്ദർശനത്തിന് മുന്നോടിയായി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഇന്ത്യയുമായുള്ള വ്യാപാര കരാർ ന്യൂസിലാൻഡിലെ വ്യവസായ മേഖലക്ക് വലിയ കുതിച്ചുചാട്ടം നൽകുമെന്നും ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാറിന്റെ സാമ്പത്തിക നേട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ന്യൂസിലാൻഡ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 57 ശതമാനവും കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ നികുതിരഹിതമായിരിക്കുമെന്ന് ലക്സൺ വ്യക്തമാക്കി.

‘ഇന്ത്യയുമായുള്ള ഞങ്ങളുടെ വ്യാപാര കരാർ ന്യൂസിലാൻഡ് ബിസിനസുകളെ വളർച്ചയിലേക്ക് നയിക്കും. ഞങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നവയിൽ 57 ശതമാനവും കരാർ നടപ്പിലാകുന്ന ആദ്യ ദിവസം മുതൽ പൂർണമായും നികുതിരഹിതമായിരിക്കും,’- ലക്സൺ കുറിച്ചു. പ്രധാനമന്ത്രി ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തും. ഏകദേശം നാല് പതിറ്റാണ്ടിനിപ്പുറമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

ഓക്ലൻഡിൽ വെച്ച് നടക്കുന്ന ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും. വ്യാപാരം, വാണിജ്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിലായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. സമീപകാലത്തായി ഈ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. ഓക്ലൻഡിലെ താമസത്തിനിടയിൽ, പ്രമുഖ വ്യവസായികളുമായും കായിക താരങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തും. കൂടാതെ, ന്യൂസിലാൻഡിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ജൂലൈ 6ന് ഇന്തോനേഷ്യയിൽ ആരംഭിച്ച നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശന പരമ്പരയുടെ അവസാന ഘട്ടമാണ് ന്യൂസിലാൻഡ്. ഇന്തോനേഷ്യക്കും ആസ്ട്രേലിയക്കും ശേഷമാണ് മോദി ന്യൂസിലാൻഡിൽ എത്തുക. സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Zealand PM’s big announcement ahead of PM Modi visit
Next Story