ഇസ്രായേൽ കുടിയേറ്റക്കാർക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലാൻഡും
text_fieldsവെല്ലിങ്ടൺ: ആസ്‌ട്രേലിയ, യൂറോപ്യൻ യൂനിയൻ എന്നിവയ്‌ക്കൊപ്പം "തീവ്ര ഇസ്രായേൽ കുടിയേറ്റക്കാർ"ക്കെതിരെ യാത്രാ വിലക്ക് ഏർപ്പെടുത്തി ന്യൂസിലൻഡും. മൂന്ന് "തീവ്ര ഇസ്രായേൽ കുടിയേറ്റക്കാർക്ക്" ന്യൂസിലൻഡ് യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം വഹിക്കുന്ന ഇറ്റാമർ യെഹൂദ ലെവി, ഹരേൽ ഡേവിഡ് ലിബി, എലിയാവ് ലിബി എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്.
"ഈ വ്യക്തികളുടെ പ്രവർത്തനങ്ങൾ ഇസ്രായേലികൾക്കും പലസ്തീനികൾക്കും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു," വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. ഫലസ്തീനികൾക്കുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുക എന്നതാണ് ന്യൂസിലൻഡിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ സർക്കാരിനെയോ ജനങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ല വിലക്കുകൾ. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. അധിനിവേശ കുടിയേറ്റങ്ങളും അതിനോടൊപ്പമുള്ള അക്രമവും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു. ചർച്ചയിലൂടെയുള്ള ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയ്ക്ക് സമാധാനവും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

