ന്യൂയോർക്ക് പൊലീസിന് കടിഞ്ഞാണിടാൻ മംദാനി; ബലപ്രയോഗ നയങ്ങൾ പൊളിച്ചെഴുതും, പരിഷ്കാരത്തിനെതിരെ പൊലീസ് യൂനിയന്‍
text_fieldsന്യൂയോർക്ക്: പൊലീസിന്റെ അക്രമസമീപനങ്ങൾക്കെതിരെ നടപടിയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. ഇതിന്റെ ഭാഗമായി പൊലീസ് സ്വീകരിക്കുന്ന ബലപ്രയോഗ നയങ്ങൾ പുനഃപരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പത്തുവർഷത്തിനിടെ ആദ്യമായാണ് ന്യൂയോർക്ക് പൊലീസ് വകുപ്പിന്റെ ബലപ്രയോഗ നയങ്ങളിൽ ഇത്തരമൊരു സമഗ്ര പരിശോധന നടത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഗുരുതരമായ ആരോപണങ്ങളിൽ നടപടിയെടുക്കുന്നതിനുള്ള പരിഷ്കാരങ്ങളും മംദാനി പ്രഖ്യാപിച്ചു. അച്ചടക്ക നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് വിരമിച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
2024 മാർച്ചിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന 19കാരനായ വിൻ റൊസാരിയോ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവമാണ് പുതിയ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കിയത്. തന്റെ വീട്ടിലേക്ക് സഹായം തേടി പൊലീസിനെ വിളിച്ച റൊസാരിയോയെ ഉദ്യോഗസ്ഥർ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിലൊരാൾ അച്ചടക്ക നടപടികൾ നേരിടുന്നതിനിടെ വിരമിക്കാൻ അനുമതി നൽകിയ സംഭവത്തെക്കുറിച്ചും ചോദ്യങ്ങളുയർന്നു.
റൊസാരിയോക്കെതിരെ പൊലീസ് രണ്ടുതവണ ടേസർ പ്രയോഗിക്കുകയും പിന്നീട് അഞ്ചുതവണ വെടിയുതിർക്കുകയും ചെയ്തു. കത്രികയുമായി ഉദ്യോഗസ്ഥർക്കുനേരെ തിരിഞ്ഞതിനാണ് വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതേസമയം, സംഭവത്തിൽ ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ പ്രത്യേക അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന് വാദിച്ചു. സ്വയരക്ഷയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ബലപ്രയോഗം നടത്തിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ സംഭവത്തിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര അച്ചടക്ക നടപടികൾ നേരിട്ടിരുന്നു.
എന്നാൽ ആരോഗ്യകാരണങ്ങളാൽ വിരമിച്ച സാൽവത്തോർ അലോംഗി എന്ന ഉദ്യോഗസ്ഥനെതിരെ നടപടികൾ അവസാനിച്ചു. ഇതിൽ വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
പൊലീസിന്റെ പ്രവർത്തനങ്ങളിൽ സ്വതന്ത്ര മേൽനോട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇൻസ്പെക്ടർ ജനറൽ ഓഫീസിന് 26 ലക്ഷം ഡോളർ അധികമായി അനുവദിക്കുമെന്നും മംദാനി പ്രഖ്യാപിച്ചു. ഓഫീസിലെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്റെ മൂന്നിരട്ടിയാക്കി ഉയർത്താനും പദ്ധതിയുണ്ട്. പൊലീസിന്റെ നയങ്ങളും പ്രവർത്തനങ്ങളും പരിശോധിക്കാനും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട വീഴ്ചകൾ അന്വേഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.
മരണമോ ഗുരുതര പരിക്കുകളോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനുള്ള നടപടികളും ഏകീകരിക്കും. ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് പൊലീസ് അന്വേഷണ വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതും ഇതിൽ ഉൾപ്പെടും. പൊലീസിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട മരണങ്ങളുടെ വിവരങ്ങൾ സംസ്ഥാന അധികൃതർക്ക് റിപ്പോർട്ട് [വാചകം അപൂർണം]
അതേസമയം, മംദാനിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ന്യൂയോർക്ക് പൊലീസ് ബെനവലന്റ് അസോസിയേഷൻ പ്രസിഡന്റ് പാട്രിക് ഹെൻഡ്രി രംഗത്തെത്തി. പൊലീസിന്റെ പ്രവർത്തനങ്ങൾ പരിഷ്കരിക്കണമെന്ന ആവശ്യം രാഷ്ട്രീയ അനുയായികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബലപ്രയോഗ നയങ്ങൾ പരിശോധിക്കുന്നതിനൊപ്പം പൊലീസിനെതിരായ പരാതികൾ അന്വേഷിക്കുന്ന സംവിധാനത്തിലെ പക്ഷപാതവും പ്രവർത്തനവൈകല്യങ്ങളും പരിശോധിക്കണമെന്നും പൊലീസ് യൂണിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

