Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎൻ.ബി.എ ഫൈനൽസ്:...

എൻ.ബി.എ ഫൈനൽസ്: ന്യൂയോർക്കിലെ കുട്ടികൾക്ക് 'ബെഡ്‌ടൈം' വേണ്ട; ക്യൂട്ടസ്റ്റ് ഉത്തരവുമായി മേയർ സൊഹ്‌റാൻ മംദാനി

text_fields
bookmark_border
Sohran Mandani
cancel
camera_alt

സൊഹ്‌റാൻ മംദാനി കുട്ടികളോടൊപ്പം

ന്യൂയോർക്ക്: എൻ.ബി.എ ഫൈനൽസ് ആവേശത്തിലേക്ക് ന്യൂയോർക്ക് നഗരം നീങ്ങുമ്പോൾ, കൊച്ചു ആരാധകർക്കായി രസകരമായ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ന്യൂയോർക്ക് നിക്‌സ് ടീമിന്റെ ചരിത്രപരമായ ഫൈനൽ പ്രവേശനം ആഘോഷിക്കാൻ, നഗരത്തിലെ കുട്ടികളുടെ ഉറക്കസമയം താൽക്കാലികമായി റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവാണ് മേയർ പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മേയർ ഈ അസാധാരണമായ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. ‘ന്യൂയോർക്കിലെ ഏറ്റവും സുന്ദരക്കുട്ടികൾക്ക്’ തടസ്സമില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട ടീമായ നിക്‌സിന്റെ മത്സരം കാണുന്നതിനാണ് ഈ നടപടി. മേയറുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ, ന്യൂയോർക്ക് നിക്‌സിന്റെ ജേഴ്സി അണിഞ്ഞെത്തിയ ഒരു കൂട്ടം കുട്ടികൾക്കൊപ്പമാണ് അദ്ദേഹം ഉത്തരവ് പ്രഖ്യാപിച്ചത്. കുട്ടികൾ തങ്ങളുടെ കൈപ്പത്തി പതിപ്പിച്ചാണ് ഈ രസകരമായ തീരുമാനത്തെ പിന്തുണച്ചത്.

കോമിക് സാൻസ് ഫോണ്ടിൽ തയാറാക്കിയ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. നിക്‌സ് ടീം 27 വർഷത്തിന് ശേഷമാണ് എൻ.ബി.എ ഫൈനലിൽ എത്തുന്നതെന്ന പ്രത്യേകതയും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. നിക്‌സ് ടീമിന്റെ ഫൈനൽ മത്സരങ്ങൾ നടക്കുന്ന കാലയളവിൽ നഗരത്തിലെ കുട്ടികളുടെ ഉറക്കസമയം റദ്ദാക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് തടസ്സമില്ലാതെ മത്സരം കാണാനും ടീമിനെ ആർപ്പുവിളിക്കാനും അവസരമൊരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

നിക്‌സ് തങ്ങളുടെ ഈ ചരിത്രപരമായ ചാമ്പ്യൻഷിപ്പ് റൺ പൂർത്തിയാക്കുന്നത് വരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. ‘മേയർ എന്ന നിലയിൽ എനിക്ക് പല കടുപ്പമേറിയ തീരുമാനങ്ങളും എടുക്കേണ്ടി വരാറുണ്ട്. എന്നാൽ ഇത്തവണത്തേത് അത്തരത്തിലൊന്നായിരുന്നില്ല’ എന്ന് മംദാനി എക്സിൽ കുറിച്ചു.

ന്യൂയോർക്ക് നിക്‌സിന്റെ കടുത്ത ആരാധകനായ മംദാനി, കായികരംഗത്തോട് വലിയ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ്. ബാസ്‌ക്കറ്റ്‌ബോളിന് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്‌സനലിന്റെ വലിയ ആരാധകൻ കൂടിയാണ് അദ്ദേഹം. മേയർ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും ആഴ്‌സനലിന്റെ പ്രകടനങ്ങൾ കണ്ട് സന്തോഷം കണ്ടെത്താറുണ്ടെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫുട്ബോൾ ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ കുറക്കണമെന്നും, സാധാരണക്കാരായ ആരാധകർക്ക് മത്സരം കാണാനുള്ള അവസരം ഉറപ്പാക്കണമെന്നും ഫിഫയോട് ആവശ്യപ്പെട്ട് മംദാനി നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എൻ.ബി.എ ഫൈനലിൽ സാൻ അന്റോണിയോ സ്പേഴ്‌സിനെതിരെയാണ് ന്യൂയോർക്ക് നിക്‌സ് ഏറ്റുമുട്ടുന്നത്. രാത്രി 8:30നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് മത്സരങ്ങൾ കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് മേയർ ഇത്തരമൊരു വേറിട്ട തീരുമാനമെടുത്തത്. 'ഗോ നിക്‌സ്, ഗോ ന്യൂയോർക്ക്' എന്ന ആവേശത്തിലാണ് ഇപ്പോൾ നഗരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:executive orderNew York MayorZohran Mamdani
News Summary - New York Mayor Zohran Mamdani Signs 'Cutest' Executive Order Ahead Of NBA Finals
Next Story