സ്കൂളുകളിൽ എട്ടാം ക്ലാസ് വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സമ്പൂർണ വിലക്ക്; പുതിയ നയവുമായി ന്യൂയോർക്ക് സിറ്റി
text_fieldsന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ പൊതുവിദ്യാഭ്യാസ ശൃംഖലയായ ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂളുകളിൽ പ്രീ സ്കൂൾ മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നു. കുട്ടികളുടെ മാനസികാരോഗ്യം, ധാരണാശേഷി, പഠന മികവ് എന്നിവയിൽ എഐ അമിത സ്വാധീനം ചെലുത്തുന്നുവെന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും ശക്തമായ മുന്നറിയിപ്പുകളെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണായക തീരുമാനം.
പുതിയ നയപ്രകാരം എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ചാറ്റ്ബോട്ടുകൾ, എഐ ട്യൂട്ടർമാർ തുടങ്ങിയ സാങ്കേതിക വിദ്യകൾ സ്കൂളുകളിൽ നേരിട്ട് ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. ഇതിനുപുറമെ, കൊച്ചുകുട്ടികൾക്കിടയിലെ സ്ക്രീൻ സമയം കർശനമായി നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. പ്രീ-സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്നത് പൂർണമായി വിലക്കി; ക്ലാസ് റൂമുകളിൽ സ്മാർട്ട് ബോർഡുകൾ മാത്രമാണ് അനുവദിക്കുക. മൂന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ സ്ക്രീൻ സമയം പ്രതിദിനം 30 മിനിറ്റായും, മിഡിൽ സ്കൂളുകളിൽ (ആറ് മുതൽ എട്ട് വരെ) 45 മിനിറ്റായും പരിമിതപ്പെടുത്താൻ ശുപാർശയുണ്ട്.
അതേസമയം, ഒൻപതാം ക്ലാസ് മുതലുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ പരിശീലനത്തിനും എഐ സാക്ഷരതയ്ക്കും മാത്രമായി എഐ നിയന്ത്രിതമായി ഉപയോഗിക്കാം. അധ്യാപകർക്ക് പാഠ്യപദ്ധതി തയാറാക്കൽ, വിവർത്തനം തുടങ്ങിയ കാര്യങ്ങൾക്ക് എഐ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും വിദ്യാർഥികളെ ഗ്രേഡ് ചെയ്യാനോ, സ്വഭാവ നിരീക്ഷണത്തിനോ എഐ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. കൊച്ചുകുട്ടികളുടെ വളർച്ചയ്ക്ക് സാമൂഹിക ഇടപെടലുകളും അധ്യാപകരുടെ നേരിട്ടുള്ള മാർഗനിർദേശങ്ങളുമാണ് ആവശ്യമെന്നും എഐയുടെ അമിത ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെ മുരടിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

