പുതിയ പിരിമുറുക്കം; ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തരകൊറിയ
text_fieldsസിയോൾ: ജപ്പാൻ കടലിലേക്ക് ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. കിഴക്കൻ കടൽ എന്ന് വിളിക്കുന്ന മേഖലയിലേക്ക് ഒരു പ്രൊജക്റ്റൈൽ വിക്ഷേപിച്ചത് സ്ഥിരീകരിച്ചതായി ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ജപ്പാന്റെ തീരസംരക്ഷണ സേന പറഞ്ഞു. രണ്ട് മിസൈലുകളും രാജ്യത്തിന്റെ എക്സ്ക്ലൂസിവ് ഇക്കണോമിക് സോണിലൂടെ കടന്നുപോയതായി ജാപ്പനീസ് വാർത്താ ഏജൻസിയായ ജിജി പ്രസ്സും റിപ്പോർട്ട് ചെയ്തു.
ദക്ഷിണകൊറിയൻ നേതാവ് ഉച്ചകോടിക്കായി ചൈനയിലേക്ക് പറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉത്തര കൊറിയയുടെ ഈ മാസത്തെ രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. പെന്റഗണിന്റെ മൂന്നാം നമ്പർ ഉദ്യോഗസ്ഥനായ എൽബ്രിഡ്ജ് കോൾബി സിയോളിൽ ഉന്നതതല സന്ദർശനം നടത്തിയതിന് പിറ്റേ ദിവസവുമാണിത്. ദക്ഷിണ കൊറിയയെ കോൾബി ‘മാതൃകാ സഖ്യകക്ഷി’ എന്ന് പ്രശംസിച്ചിരുന്നു.
സമീപ വർഷങ്ങളിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണ ശേഷി മെച്ചപ്പെടുത്തുക, അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുക, റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആയുധങ്ങൾ പരീക്ഷിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഉത്തര കൊറിയ വരും ആഴ്ചകളിൽ ഭരണകക്ഷിയുടെ നാഴികക്കല്ലായ കോൺഗ്രസ് സമ്മേളനത്തിന് ഒരുങ്ങുകയാണ്. അഞ്ച് വർഷത്തിനിടെ ഇത് ആദ്യമാണ്. കോൺക്ലേവിന് മുന്നോടിയായി, നേതാവ് കിം ജോങ് ഉൻ രാജ്യത്തിന്റെ മിസൈൽ ഉൽപാദനം വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

