റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിന് ട്രംപ്; എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ കൂടുതൽ തീരുവ ചുമത്തിയേക്കും
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും(ഫയൽ ചിത്രം)
വാഷിങ്ടൺ: റഷ്യക്കെതിരെ ‘രണ്ടാംഘട്ട’ ഉപരോധം ഏർപ്പെടുത്താൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൂടുതൽ ഉപരോധം ഏർപ്പെടുത്തുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യമറിയിച്ചത്.
മോസ്കോയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ വാഷിങ്ടണും യൂറോപ്യൻ യൂനിയനും കൂടുതൽ ഉപരോധം ഏർപ്പെടുത്തിയാൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് പോകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ അഭിപ്രായം.
റഷ്യൻ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്ക് യു.എസ് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന.
ചൈനയുമായി അടുത്ത് തുടങ്ങിയ ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തുകയും, അമേരിക്കൻ വെല്ലുവിളികളെ അവഗണിച്ച് പ്രാധനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തതുൾപ്പെടെ മാറിമറിഞ്ഞ നയതന്ത്ര സാഹചര്യങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ പരിഹാസം.
‘ഇന്ത്യയും റഷ്യയും നമ്മളിൽ നിന്നും നഷ്ടമായി, ഇരുണ്ടതും ദുരൂഹവുമായ ചൈനയിലേക്ക് അടുത്തുവെന്ന് തോന്നുന്നു. മൂന്ന് രാജ്യങ്ങൾക്കും സമൃദ്ധവും സുദീർഘവുമായ ഭാവി ആശംസിക്കുന്നു’ -ട്രൂത്ത് സോഷ്യൽ പേജിൽ മൂന്ന് രാഷ്ട്ര നേതാക്കളും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡൻനറ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ട്രംപ് ഉപയോഗിച്ചത്.
ലോകം ഉറ്റുനോക്കിയ മൂന്ന് രാഷ്ട്ര തലവന്മാരുടെ കൂടികാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഡോണൾഡ് ട്രംപിന്റെ പരിഹാസം നിറഞ്ഞ പരാമർശങ്ങളെത്തുന്നത്. സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് ഇന്ത്യയും റഷ്യയും ചേർന്നുവെന്നാണ് പോസ്റ്റിലൂടെ ട്രംപ് നൽകുന്ന സന്ദേശം. ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം സമീപകാലത്തെങ്ങുമില്ലാത്ത വിധം വഷളായെന്ന് സൂചന നൽകുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരസ്യ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

