എപ്സ്റ്റീൻ കേസ്; ഫെഡറൽ ഗവൺമെന്‍റ് അന്വേഷണം തടയുന്നുവെന്ന് ന്യൂ മെക്സിക്കോ അറ്റോണി ജനറൽ
text_fieldsസാന്‍റാ ഫീ: അന്തരിച്ച അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെതിരെയുള്ള അന്വേഷണത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന് (യു.എസ്.ഡി.ഒ.ജെ) കത്തയച്ച് ന്യൂ മെക്സിക്കോ അറ്റോണി ജനറൽ റൗൾ ടോറസ്. അന്വേഷണം ഫെഡറൽ ഗവൺമെന്‍റ് തടസ്സപ്പെടുത്തുവെന്നാരോപിച്ചാണ് കത്തയച്ചത്. പിന്നാലെ ഈ കത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു. സംസ്ഥാന അറ്റോർണി ജനറലും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ റൗൾ ടോറസും ട്രംപ് ഭരണകൂടവും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ജൂൺ 30ന് അയച്ച കത്തിന്‍റെ പകർപ്പ് ഓൺലൈനിൽ അദ്ദേഹം പങ്കുവെച്ചത്. നീതിന്യായ വകുപ്പിനോട് കഴിഞ്ഞ ഫെബ്രുവരി മുതൽ താൻ ആവശ്യപ്പെട്ട പല കാര്യങ്ങൾക്കും മറുപടി ലഭിച്ചില്ലെന്ന് കത്തിൽ ടോറസ് വ്യക്തമാക്കുന്നു.
`യു.എസ് നീതിന്യായ വകുപ്പ് സഹകരിക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകിയിരുന്നെങ്കിലും ആവശ്യപ്പെട്ട രേഖകൾ പരിശോധിക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. വ്യക്തമായ ഒരു മറുപടിയും ലഭിക്കാതെ 130ലധികം ദിവസങ്ങളാണ് കടന്നുപോയത്. ഇത്രയും കാലതാമസം യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് ന്യൂ മെക്സിക്കോ നീതിന്യായ വകുപ്പ് കരുതുന്നു' ടോറസ് കൂട്ടി ചേർത്തു. ഫെഡറൽ ഗവൺമെന്റ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് ഫയലുകൾ പുറത്തുവിട്ടതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂ മെക്സിക്കോ കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
ന്യൂ മെക്സിക്കോയിൽ എപ്സ്റ്റീന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന 'സോറോ റാഞ്ച്' എന്ന ആഡംബര കൊട്ടാരത്തിലെ കുറ്റകൃത്യങ്ങളെ കുറിച്ചായിരുന്നു പുറത്തുവന്ന ചില രേഖകൾ വെളിപ്പെടുത്തിയത്. ഇവിടെ നടന്നിരുന്ന മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം എന്നിവയെക്കുറിച്ച് ഇതുവരെ സമഗ്രമായ ഒരന്വേഷണം നടന്നിട്ടില്ല. 2019-ൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഫെഡറൽ പ്രോസിക്യൂട്ടർമാർക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ വേണ്ടി സംസ്ഥാന ഏജൻസിയോട് താൽക്കാലികമായി അന്വേഷണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി അന്നത്തെ സംസ്ഥാന അറ്റോണി ജനറൽ ഹെക്ടർ ബാൽഡെറാസ് യു.എസ് മാധ്യമങ്ങളോട് അറിയിച്ചിരുന്നു.
മുന്‍ അറ്റോണി ജനറൽ തുടങ്ങിവെച്ച അന്വേഷണം പൂർത്തിയാക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും എന്നാൽ ഫെഡറൽ ഗവൺമെന്റിന്‍റെ നിസഹകരണം അന്വേഷണത്തിന് വലിയ രീതിയിലുള്ള ദോഷം വരുത്തിവെക്കുന്നുണ്ടെന്നും വ്യാഴാഴ്ച പുറത്തുവിട്ട കത്തിൽ ടോറസ് വ്യക്തമാക്കി. `ഫെഡറൽ ഇടപെടൽ മൂലം തടസ്സപ്പെട്ട അന്വേഷണം ന്യൂ മെക്സിക്കോ നീതിന്യായ വകുപ്പിന് പുനരാരംഭിക്കാൻ സഹായിക്കുന്ന കൃത്യമായ രേഖകൾ ഇപ്പോൾ യു.എസ് നീതിന്യായ വകുപ്പിന്റെ കൈവശമാണുള്ളത്' ടോറസ് കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

