തുർക്കിയയിൽ പ്രതിപക്ഷത്തിന് പുതിയ നേതാവ്
text_fieldsഒസ്ഗുർ ഓസിൽ
അങ്കാറ: അടുത്ത മാർച്ച് 31ന് നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനു മുന്നോടിയായി തുർക്കിയയിലെ പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്ൾസ് പാർട്ടി ഒസ്ഗുർ ഓസിലിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവായ കെമാൽ കിലിച്ദറോഗ്ലു 13 വർഷത്തിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്. 49കാരനായ ഓസിൽ 2011 മുതൽ പാർലമെന്റ് അംഗവും 2015 മുതൽ പാർട്ടിയുടെ ഡെപ്യൂട്ടി പാർലമെന്ററി ഗ്രൂപ് ചെയർമാനുമാണ്. അങ്കാറയിൽ നടന്ന മണിക്കൂറുകൾ നീണ്ട പാർട്ടി കോൺഗ്രസിൽ രണ്ടു റൗണ്ടുകളിലായി 1,366 വോട്ടുകളിൽ 812 വോട്ട് നേടിയാണ് ഓസിൽ തിരഞ്ഞെടുക്കപ്പെട്ടത്. കിലിച്ദറോഗ്ലു ഉൾപ്പെടെ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി പറഞ്ഞ ഓസിൽ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് കൂട്ടിച്ചേർത്തു.

