അമേരിക്കയെ ദ്രോഹിക്കുന്നവർ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേട്ടയാടി പിടിക്കുമെന്ന് പുതിയ എഫ്.ബി.ഐ ഡയറക്ടർ
text_fieldsവാഷിങ്ടൺ: അമേരിക്കയെ ദ്രോഹിക്കുന്നവർ ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അവരെ വേട്ടയാടി പിടിക്കുമെന്ന് പുതിയ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ. പട്ടേലിനെ എഫ്.ബി.ഐ ഡയറക്ടറാക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എഫ്.ബി.ഐയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ബി.ഐ ഡയറക്ടറായി തെരഞ്ഞെടുത്തതിന് ഡോണാൾഡ് ട്രംപിനെ അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. അറ്റോണി ജനറൽ പാം ബോണ്ടിയോടും അദ്ദേഹം നന്ദി പറഞ്ഞു.
സുതാര്യമായൊരു എഫ്.ബി.ഐ അമേരിക്കൻ ജനത അർഹിക്കുന്നുണ്ട്. നമ്മുടെ നീതിസംവിധാനത്തിലെ രാഷ്ട്രീയഅതിപ്രസരം മൂലം ജനങ്ങൾക്ക് അതിലുള്ള വിശ്വാസം നഷ്ടമായി. ഇന്ന് മുതൽ ഈ രീതി അവസാനിക്കാൻ പോവുകയാണെന്നും കാഷ് പട്ടേൽ പറഞ്ഞു.
ഡയറക്ടർ എന്ന നിലയിൽ തന്റെ ദൗത്യം വ്യക്തമാണ്. എഫ്.ബി.ഐയിൽ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം. ഏജൻസിയിലെ പുരുഷൻമാർക്കും സ്ത്രീകൾക്കുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ അഭിമാനകരമായ സ്ഥാപനമാക്കി എഫ്.ബി.ഐയെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടറായുള്ള കാഷ് പട്ടേലിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകിയിരുന്നു. പട്ടേലിനെ അനുകൂലിച്ച് 51 വോട്ടുകളും എതിർത്ത് 49 വോട്ടുകളുമാണ് ലഭിച്ചത്. എഫ്.ബി.ഐയുടെ ഒമ്പതാമത്തെ ഡയറക്ടർ ആണ് കാഷ് പട്ടേൽ.
ട്രംപ് അനുകൂലിയായ പട്ടേൽ, നേരത്തെ എഫ്.ബി.ഐയെ പല കാര്യങ്ങൾക്കും വിമർശിച്ചിട്ടുണ്ട്. പ്രസിഡന്‍റായതിന് പിന്നാലെ കാഷ് പട്ടേലിനെ എഫ്.ബി.ഐ തലവനായി ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നു. ഈ നാമനിർദേശത്തിനാണ് യു.എസ് സെനറ്റ് ഇപ്പോൾ അംഗീകാരം നൽകിയിട്ടുള്ളത്.
വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് എഫ്.ബി.ഐയുടെ പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാഷ് പട്ടേൽ വഹിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ഗാർഡൻ സിറ്റി സ്വദേശിയും 44കാരനുമായ കാഷ് പട്ടേലിന്‍റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. റിച്ച്മെന്‍റ് സർവകലാശാലയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസും റേസ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

