പുതിയ രേഖകളിൽ എപ്സ്റ്റീനുമായി മസ്കിന് വിപുലമായ ബന്ധങ്ങൾക്കുള്ള തെളിവുകൾ; ഇരുവരും തമ്മിലുള്ള മെയ്ൽ ചാറ്റുകൾ പുറത്ത്
text_fieldsവാഷിങ്ടൺ: ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ഇലോൺ മസ്കിന് നേരത്തെ പരസ്യമായതിനേക്കാൾ വിപുലവും സൗഹൃദപരവുമായ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് യു.എസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകൾ. എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിക്കാൻ മസ്കിനായി പദ്ധതികൾ തയ്യാറാക്കുന്നതിനായി ഇരുവരും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ പരസ്പരം സൗഹൃദ സന്ദേശം അയച്ചതായി ഫയലുകളിലെ ഇ-മെയിലുകൾ കാണിക്കുന്നു.
അമേരിക്കയോട് ചേർന്നുള്ള, നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ വിർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ദ്വീപ് സമൂഹങ്ങളിൽ ഒന്നായ ലിറ്റിൽ സെന്റ് ജെയിംസിലേക്ക് കുട്ടികളടക്കമുള്ളവരെ കടത്തി ഉന്നതർക്ക് കാഴ്ചവെച്ച കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ എപ്സ്റ്റീൻ ആത്മഹ്യ ചെയ്തിരുന്നു.
ഈ ദ്വീപിലേക്ക് എപ്പോൾ യാത്ര ചെയ്യണമെന്ന് നിർണയിക്കാൻ 2012ലും 2013ലും ഇലോൺ മസ്‌കും എപ്സ്റ്റീനും ഇ-മെയിൽ അയച്ചതായി രേഖകളിൽ ഉൾപ്പെടുന്നു. ‘അവധി ദിവസങ്ങളിൽ ബി.വി.ഐ/സെന്റ് ബാർട്ട്സ് ഏരിയയിൽ ആയിരിക്കും. സന്ദർശിക്കാൻ പറ്റിയ സമയമുണ്ടോ?’ 2013 ഡിസംബർ 13ന് മസ്‌ക് അയച്ച ഇ മെയ്ൽ സന്ദേശമാണിത്. ‘എല്ലാ ദിവസവും 1 മുതൽ 8വരെ. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ. എപ്പോഴും നിങ്ങൾക്കായുള്ള ഇടം’ എന്ന് എപ്സ്റ്റീൻ മറുപടിയും നൽകി.
തുടർന്ന് മസ്‌ക് തന്റെ ഷെഡ്യൂൾ വിവരിച്ചുകൊണ്ട് നിരവധി ഇ മെയിലുകൾ അയക്കുന്നു. ജനുവരി 2ന് സന്ദർശന തീയതിയായി ഇരുവരും തീരുമാനിച്ചു. ന്യൂയോർക്കിൽ തന്നെ തുടരേണ്ടിവരുമെന്ന് എപ്സ്റ്റീൻ മസ്‌കിനോട് പറയുകയും അവർക്ക് കണ്ടുമുട്ടാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇ മെയിൽ കൈമാറ്റം അവസാനിക്കുന്നത്.
‘നിർഭാഗ്യവശാൽ, എന്റെ ഷെഡ്യൂൾ എന്നെ ന്യൂയോർക്കിൽ തന്നെ നിലനിർത്തും. വിനോദം മാത്രം പരിപാടിയായി ഉൾപ്പെടുത്തി ഒടുവിൽ ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. അതിനു കഴിയാത്തതിൽ ഞാൻ വളരെ നിരാശനാണ്. സമീപഭാവിയിൽ നമുക്ക് മറ്റൊരു സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ -എപ്സ്റ്റീൻ എഴുതി.
2012 നവംബറിൽ എപ്സ്റ്റീൻ മസ്കിന് മറ്റൊരു ഇ മെയിൽ അയച്ചു. ഐലൻഡിലേക്കുള്ള ഹെലികോപ്റ്ററിൽ നിങ്ങൾ എത്ര പേരുണ്ടാകും എന്ന് ചോദിച്ചുകൊണ്ട്. ‘ഒരുപക്ഷേ താലുലയും ഞാനും മാത്രമായിരിക്കും. നിങ്ങളുടെ ദ്വീപിലെ ഏറ്റവും വന്യമായ പാർട്ടി ഏത് പകലും രാത്രിയും ആയിരിക്കും?’ എന്നും മസ്ക് ചോദിച്ചു. തന്റെ മുൻ ഭാര്യ താലുല റൈലിയെയാണ് മെയിലിൽ പരാമർശിച്ചത്.
ഡിസംബർ 25ന് ദ്വീപ് സന്ദർശിക്കാൻ പ്രോത്സാഹിപ്പിച്ച മറ്റൊരു സന്ദേശത്തിന് മറുപടിയായി മസ്ക് ഒരു ഇ മെയിൽ അയച്ചു. അദ്ദേഹം തന്റെ ഹെലികോപ്ടർ ഉപയോഗിക്കാൻ വാഗ്ദാനവും ചെയ്തു.
‘നിങ്ങൾ എന്തെങ്കിലും പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ? ഈ വർഷം എന്റെ കുട്ടികൾ ക്രിസ്മസിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ, സെന്റ് ബാർട്ട്സിലോ മറ്റെവിടെയെങ്കിലുമോ എത്തി സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ എന്നും മസ്ക് എഴുതി.
‘സെന്റ് ബാർത്തിൽ വെച്ച് കാണാം, ദ്വീപിലെ എന്റെ സാന്നിധ്യം താലൂലയെ അസ്വസ്ഥയാക്കിയേക്കാം’ എപ്സ്റ്റീൻ പ്രതികരിച്ചു. "താലൂലക്ക് അതൊരു പ്രശ്നമല്ല’ എന്ന മറുപടിയാണ് അതിന് മസ്‌ക് നൽകിയത്.
കഴിഞ്ഞ ദിവസമാണ് ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണ രേഖകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. മൂന്ന് ദശലക്ഷത്തിലധികം പേജുകൾ, 2,000 വിഡിയോകൾ, 180,000 ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകളുടെ പുറത്തുവിടൽ നടക്കുന്നത്. നവംബറിൽ കോൺഗ്രസ് പാസാക്കിയ ഈ നിയമം 2025 ഡിസംബർ 19നകം എല്ലാ രേഖകളും പുറത്തുവിടണമെന്ന നിർദേശമാണ് നീതിന്യായ വകുപ്പിന് നൽകിയിരുന്നത്.
എന്നാൽ, രേഖകളുടെ വ്യാപ്തിയും ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കാരണം ഈ സമയപരിധി നീതിന്യായ വകുപ്പിന് പാലിക്കാൻ കഴിഞ്ഞില്ല. എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ച് ആരുടെയും സ്വകാര്യ വിവരങ്ങളോ ചിത്രങ്ങളോ വിഡിയോകളോ പുറത്തുപോകുന്നില്ലെന്ന് വകുപ്പിന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാരണത്താലാണ് സമയമെടുക്കുന്നത്.
പുറത്തുവിടുന്ന രേഖകളിൽ എപ്‌സ്റ്റീന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും ഉൾപ്പെടുന്നു. എന്നാൽ, ഇവയെല്ലാം എപ്‌സ്റ്റീനെയോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയോ നേരിട്ട് കുറ്റാരോപിതരാക്കുന്നവയല്ലെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ചൂണ്ടിക്കാട്ടി. ഈ ഫയലുകളിൽ വാണിജ്യപരമായി ലഭ്യമായ വലിയ അളവിലുള്ള അശ്ലീല ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്. എപ്‌സ്റ്റീന്റെ ഉപകരണങ്ങളിൽ നിന്ന് പിടിച്ചെടുത്ത ചിത്രങ്ങളാണെങ്കിലും അവ അദ്ദേഹം എടുത്തവയല്ല’ ബ്ലാഞ്ച് പറഞ്ഞു. എപ്സ്റ്റീൻ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ചില രേഖകൾ പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

