ഇസ്രായേൽ പങ്കെടുത്താൽ പാട്ടുമത്സരത്തിനില്ല; യൂറോവിഷൻ സംഗീത മത്സര ബഹിഷ്‍കരണ ഭീഷണിയുമായി നെതർലൻഡ്സ്
text_fieldsയൂറോവിഷൻ മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സ്വീഡനിൽ നടന്ന പ്രതിഷേധം
ആംസ്റ്റർഡാം: ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അരലക്ഷത്തിന് മുകളിൽ മനുഷ്യരെ കൊന്നൊടുക്കി വംശഹത്യ തുടരുന്ന ഇസ്രായേലിനെ ലോകപ്രശസ്തമായ യൂറോവിഷൻ ഗാന മത്സരത്തിൽ നിന്നും വിലക്കണമെന്ന ആവശ്യവുമായി ഡച്ച് ബ്രോഡ്കാസ്റ്ററായ അവ്റോട്രോസ് (AVROTROS) രംഗത്ത്. അടുത്ത വർഷം വിയന്നയിൽ നടക്കുന്ന യൂറോവിഷൻ മത്സരത്തിൽ ഇസ്രായേൽ പങ്കെടുത്താൽ തങ്ങൾ ബഹിഷ്‍കരിക്കുമെന്നാണ് അവ്റോട്രോസിന്റെ പ്രഖ്യാപനം.
അയർലൻഡ്, െസ്ലവേനിയ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേൽ പങ്കാളിത്തത്തിന്റെ പേരിൽ ബഹിഷ്‍കരണ ഭീഷണിയുമായി രംഗത്തുണ്ട്.
ലോകത്തെ ഏറ്റവും വലിയ സംഗീത ചാമ്പ്യൻഷിപ്പുകളിലൊന്നാണ് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ (ഇ.ബി.യു) എല്ലാ വർഷവും നടത്തുന്ന യൂറോവിഷൻ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകർ അവരുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഈ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിൽ ഓരോ രാജ്യവും പുതിയ ഗാനം അവതരിപ്പിക്കുകയും യൂറോ വിഷൻ, യൂറോ റേഡിയോ നെറ്റ്‍വർക് വഴി സംപ്രേക്ഷണവും ചെയ്യും. തുടർന്ന്, പൊതുജനങ്ങളുടെയും വിദഗ്ധ ജൂറിയുടെയും വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിതെ തെരഞ്ഞെടുക്കുന്നത്.
2022ൽ യുക്രെയ്നെതിരായ ആക്രമണത്തിന്റെ പേരിൽ റഷ്യയെ യൂറോവിഷനിൽ നിന്നും റഷ്യയെ വിലക്കിയിരുന്നു. എന്നാൽ ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും മത്സരത്തിൽ തുടർന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. 2024-ലെ വിജയിയായ സ്വിറ്റ്സർലൻഡിലെ നെമോ ഉൾപ്പെടെ നിരവധി പേർ ഇസ്രായേലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം സ്വിറ്റ്സർലൻഡിലെ ബേസലിൽ നടന്ന മത്സരത്തിന് ചുറ്റും ഫലസ്തീൻ അനുകൂലികളും ഇസ്രായേൽ അനുകൂലികളും പ്രതിഷേധങ്ങൾ നടത്തിയിരുന്നു. യൂറോവിഷന്റെ ഫൈനൽ 2026 മെയ് 16നും സെമിഫൈനലുകൾ മെയ് 12-നും 14-നുമാണ് നടക്കുക.
ഗസ്സയിലെ തുടർച്ചയായ മാനുഷിക ദുരിതങ്ങൾ കണക്കിലെടുത്താണ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് അവ്റോട്രോസ് അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യം തകർക്കുകയും, സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തടയുകയും, നിരവധി മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്രയേൽ നടപടിയിലുള്ള ആശങ്കയും അറിയിച്ചു.
ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നത് ‘വിവേചനരഹിതമായിരിക്കുമെന്നായിരുന്നു അയർലൻഡിലെ ആർ.ടി.ഇയുടെ പ്രതികരണം. മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് അയർലാൻഡും ഇസ്രായേലിനെ മത്സരത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തുവന്നു.
മത്സരത്തിലെ പങ്കാളിത്തവും ഭൂമിശാസ്ത്രപരമായ സംഘർഷങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അംഗങ്ങളുമായി കൂടിയാലോചിക്കുകയാണെന്ന് യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അതാത് പ്രതിനിധികൾക്ക് ഡിസംബർ പകുതി വരെ സമയം നൽകുമെന്നും യൂണിയൻ അറിയിച്ചു.
മധ്യപൂർവേഷ്യയിലെ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകളും കാഴ്ച്പ്പാടുകളും ഞങ്ങൾ മനസ്സിലാക്കുന്നു. മത്സരത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഓരോ അംഗങ്ങളാണെന്നും അവരെടുക്കുന്ന ഏത് തീരുമാനത്തെയും മാനിക്കുമെന്നും യൂറോവിഷൻ ഡയറക്ടർ മാർട്ടിൻ ഗ്രീൻ പറഞ്ഞു.
ഹോളിവുഡ് താരങ്ങളായ എമ്മ സ്റ്റോൺ, അയോ എഡെബിരി, ഏവ ഡ്യുവേർനെ, ഒലിവിയ കോൾമാൻ എന്നിവർ ഫിലിം വർക്കേഴ്സ് ഫോർ ഫലസ്തീൻ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഫലസ്തീൻ ജനതക്കെതിരെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന’ ഇസ്രായേൽ ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ പ്രതിജ്ഞയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

