12 വയസിൽ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പാക്കി നെതർലൻഡ്സ്; 2024ലെ നിയമ ഭേദഗതിക്ക് ശേഷമുള്ള ആദ്യ കേസ്
text_fieldsആംസ്റ്റർഡാം: നിയമ ഭേദഗതികൾ വരുത്തി രണ്ട് വർഷത്തിന് ശേഷം നെതർലൻഡ്‌സിൽ ആദ്യമായി രോഗം ഭേദമാക്കാൻ സാധ്യതയില്ലാത്ത 12 വയസിൽ താഴെയുള്ള കുട്ടിയുടെ ദയാവധം നടപ്പിലാക്കി. ഗുരുതര രോഗബാധിതരായ 1 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2024-ലാണ് ഡച്ച് സർക്കാർ ദയാവധം നിയമവിധേയമാക്കിയത്. കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്കും, മാനസിക വൈകല്യങ്ങൾ, ഡിമെൻഷ്യ അല്ലെങ്കിൽ വാർദ്ധക്യസഹജമായ വിവിധ അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഇത് ബാധകമാണ്. അതേസമയം, ഒരാൾക്ക് "ജീവിതം മടുത്തു" എന്ന് തോന്നുന്നത് കൊണ്ടോ അല്ലെങ്കിൽ തന്റെ "ജീവിതം പൂർണമായി" എന്ന് കരുതുന്നത് കൊണ്ടോ ദയാവധം അനുവദിക്കില്ലെന്ന് ഡച്ച് സർക്കാർ വ്യക്തമാക്കുന്നു.
ലൈഫ് ടെർമിനേഷൻ ഓൺ റിക്വസ്റ്റ് ആൻഡ് അസിസ്റ്റഡ് സൂയിസൈഡ് ആക്ട് പ്രകാരം ഒരു രോഗിയുടെ ജീവൻ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് ഡോക്ടർമാർ ആറ് മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ആദ്യമായി, രോഗി യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങിയല്ല ഈ തീരുമാനമെടുത്തത് എന്ന് ഉറപ്പാക്കണം. കൂടാതെ അവരുടെ വേദനയോ ദുരിതമോ സഹിക്കാനാവാത്തതാണെന്നും അത് മെച്ചപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്നും ഡോക്ടർമാർ വിലയിരുത്തണം.
രോഗിയെ അവരുടെ രോഗത്തെക്കുറിച്ച് കൃത്യമായി വിവരങ്ങൾ ധരിപ്പിച്ചിരിക്കണം, കൂടാതെ ഇതിന് മറ്റ് യുക്തിസഹമായ മറ്റ് മാർഗങ്ങളൊന്നുമില്ല എന്ന നിഗമനത്തിൽ എത്തുകയും വേണം. പ്രക്രിയയിലുടനീളം ഡോക്ടർമാർ അതീവ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്, ഒപ്പം മറ്റൊരു സ്വതന്ത്ര ഡോക്ടറുടെ ഉപദേശവും തേടണം.
12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്. കഠിനമായ രോഗപീഡകൾ അനുഭവിക്കുന്ന ഏതാണ്ട് അഞ്ച് മുതൽ പത്ത് വരെ കുട്ടികൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്ന് നിയമം ഭേദമാക്കുന്ന സമയത്ത് മന്ത്രിമാർ നിർദേശിച്ചിരുന്നു. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കും ദയാവധം നേരത്തെ തന്നെ നിയമവിധേയമായിരുന്നു. എന്നാൽ ഈ രണ്ട് പ്രായപരിധികൾക്കിടയിലുള്ള കുട്ടികൾക്ക് പാലിയേറ്റീവ് സെഡേഷൻ വഴിയോ സ്വാഭാവികമായോ മാത്രമേ മരണം അനുവദിച്ചിരുന്നുള്ളൂ.
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ദയാവധത്തിന് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം ആവശ്യമാണ്, എന്നാൽ 16, 17 വയസുള്ളവരുടെ കാര്യത്തിൽ ഇത് ബാധകമല്ല. അവരോട് ആലോചിക്കേണ്ടതുണ്ടെങ്കിലും അവരുടെ സമ്മതം നിർബന്ധമില്ലെന്ന് ഡച്ച് സർക്കാർ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ ദയാവധത്തിന് ഡോക്ടർമാർക്ക് 12 വർഷം വരെ തടവുശിക്ഷയും ഒപ്പം പിഴയും
കടുത്ത നിബന്ധനകളോടെ 2002-ൽ ലോകത്താദ്യമായി ദയാവധം നിയമവിധേയമാക്കിയ രാജ്യമാണ് നെതർലൻഡ്‌സ്. ദയാവധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും മെഡിക്കൽ റിവ്യൂ ബോർഡുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് ഡോക്ടറുടെ സഹായത്തോടെയുള്ള മരണം അനുവദിക്കുന്ന ആദ്യ രാജ്യം നെതർലൻഡ്‌സ് അല്ല. ബെൽജിയം 2014 മുതൽ ഇത് അനുവദിച്ചിട്ടുണ്ട്. അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഏകദേശം 85 ശതമാനവും കാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയോട് പോരാടുന്ന രോഗികളുടേതായിരുന്നു. ഇതിൽ നാലിൽ മൂന്ന് കേസുകളും 70 വയസിന് മുകളിലുള്ളവരുടേതായിരുന്നു. 12 നും 18 നും ഇടയിൽ പ്രായമുള്ള ഒരു കൗമാരക്കാരൻ മാത്രമാണ് അവിടെ ദയാവധത്തിന് വിധേരായത്.
അതേസമയം യു.കെയിൽ, ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും മാരക രോഗബാധിതരായ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകുന്ന ഒരു ബില്ലിന് ജനപ്രതിനിധികളുടെ പിന്തുണയുണ്ടായിരുന്നിട്ടും ഹൗസ് ഓഫ് ലോർഡ്‌സ് മറികടക്കാൻ സാധിച്ചില്ല. യു.കെയുടെ ഉപരിസഭയിലെ അംഗങ്ങൾ ചർച്ചകൾ നീട്ടിക്കൊണ്ടുപോയി തടസപ്പെടുത്തിയതിനെ തുടർന്ന് ഏപ്രിലിൽ ഈ ബിൽ പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

