'ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ നെതന്യാഹുവിന് റഷ്യയുടെ സഹായമുണ്ടാകും'; നെതന്യാഹുവിനെയും ഇറാൻ പ്രസിഡന്‍റിനെയും ഫോണിൽ വിളിച്ച് പുടിൻ
text_fieldsവ്ലാഡിമിർ പുടിൻ, ബെഞ്ചമിൻ നെതന്യാഹു
മോസ്കോ: പ്രതിഷേധം കനക്കുന്ന ഇറാനിലെയും പശ്ചിമേഷ്യൻ മേഖലയിലെയും സ്ഥിതിഗതികൾ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വെള്ളിയാഴ്ച്ച ഫോണിൽ ചർച്ച ചെയ്തു.
ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ നെതന്യാഹുവിന് റഷ്യയുടെ സഹായമുണ്ടാകുമെന്ന് പുടിൻ വാഗ്ദാനം നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു.
മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്താൻ രാഷ്ട്രീയ- നയതന്ത്ര ഇടപെടലുകൾക്ക് തയ്യാറാണെന്നും പുടിൻ അറിയിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായും വെള്ളിയാഴ്ച്ച പുടിൻ ഫോണിൽ സംസാരിച്ചതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ സംഘർഷാവസ്ഥ തണുപ്പിക്കാനുള്ള പുടിന്‍റെ ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഇറാനിൽ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് പുടിന്റെ ഫോൺ കോളുകൾ. റെക്കോർഡ് പണപ്പെരുപ്പത്തിനും ഇറാന്റെ കറൻസിയുടെ കുത്തനെയുള്ള ഇടിവിനും എതിരെ ആരംഭിച്ച പ്രകടനങ്ങൾ ഇപ്പോൾ രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. 280 ലധികം സ്ഥലങ്ങളിൽ പ്രക്ഷോഭം നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
രാജ്യത്തിന്‍റെ സാമ്പത്തിക നില മോശമാണെന്ന് തുടക്കത്തിൽ ഇറാൻ സർക്കാർ സമ്മതിച്ചിരുന്നു. എന്നാൽ, ഭരണകൂടത്തിന്മേലുള്ള സമ്മർദം വർധിച്ചതോടെ വാചാടോപം മാറി. ഇറാന്‍റെ ശത്രുക്കളെ സഹായിക്കുന്നവർക്ക് ഒരു ഇളവും ഉണ്ടാകില്ലെന്ന് ജുഡീഷ്യറി മേധാവി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇറാനിൽ വ്യാഴാഴ്ച്ച പ്രതിഷേധങ്ങൾ കൂടുതലായി അടിച്ചമർത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇതിനോടകം 3400ലധികം പേർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൺ റൈറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

