പൗരൻമാരുടെ സുരക്ഷ പുനഃസ്ഥാപിക്കും; യുദ്ധത്തിൽ ഉറപ്പായും ജയിക്കുമെന്ന് നെതന്യാഹു
text_fieldsതെൽ അവീവ്: ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറിയതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ദൈർഘ്യമേറിയതും ബുദ്ധിമുട്ടള്ളതുമായ യുദ്ധമാണ് ഹമാസിനെതിരെ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിലേക്ക് നയിച്ചത്. വിശ്രമമില്ലാതെ വിജയമുണ്ടാകുന്നത് വരെ പോരാട്ടം തുടരുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രായേൽ ജനങ്ങളുടെ സുരക്ഷ പുനഃസ്ഥാപിക്കും. യുദ്ധത്തിൽ നമ്മൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.

