‘നമ്മുടെ വോട്ടും ഉയർന്നതായിരിക്കണം, നിങ്ങളെല്ലാവരും ഒഴുകിയെത്തു...’; അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തത്തിൽ വിറളിപൂണ്ട് നെതന്യാഹു
text_fieldsജറുസലേം: ഇസ്രായേലിൽ നിർണായക പൊതുതെരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അവസാനിച്ച കണക്കുപ്രകാരം, ഇസ്രായേലിലെ ആകെ വോട്ടർമാരിൽ ഏകദേശം 45 ശതമാനത്തോളം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായി രാജ്യത്തെ സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി അറിയിച്ചു. 2022ൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇതേ സമയത്തെ അപേക്ഷിച്ച് പോളിങ് ആറുശതമാനം കൂടുതലാണിത്.
രാജ്യത്ത് ശക്തമായ മഴയും മോശം കാലാവസ്ഥയും ചിലയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലനിൽക്കെയാണ് ഈ ഉയർന്ന പോളിങ് എന്നത് ശ്രദ്ധേയമാണ്. നീണ്ട വരികളാണ് പല പോളിങ് സ്റ്റേഷനുകളിലും അനുഭവപ്പെട്ടതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മുൻ ഉപദേശകനും പോൾസ്റ്ററുമായ മിഷേൽ ബരാക് അൽ ജസീറയോട് സംസാരിക്കവെ, പോളിങ് നിരക്ക് വളരെ ഉയർന്നതാണെന്നും അത് നല്ലൊരു ലക്ഷണ്ണമാണെന്നും അഭിപ്രായപ്പെട്ടു. ‘1973-ലെ ചരിത്രപരമായ പീക്ക് പോളിങ് റെക്കോർഡിനെ ഇത് മറികടക്കുമെന്നാണ് ഞാൻ കരുതുന്നത്. അന്ന് ഇസ്രായേൽ വലിയൊരു യുദ്ധത്തിൽ പങ്കാളിയായിരുന്നു. അതിൽനിന്ന് എന്ത് നിഗമനത്തിലെത്തണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം’-അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും തുടർന്നുണ്ടായ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്നതിൽ നെതന്യാഹു പരാജയപ്പെട്ടോ എന്നതിന്റെ വിലയിരുത്തലായാണ് ഈ തിരഞ്ഞെടുപ്പ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 1973ൽ ഈജിപ്തും സിറിയയുമായി നടത്തിയ അപ്രതീക്ഷിത സൈനിക നീക്കത്തിന് ശേഷമുള്ള ഏറ്റവും തീവ്രമായ പോരാട്ട കാലഘട്ടമാണിത്. ഈ ഉയർന്ന പോളിങ് ഭരണത്തിലിരിക്കുന്ന പാർട്ടികൾക്ക് അനുകൂലമാകുമെന്ന് ബരാക് വിലയിരുത്തി.
അറബ് വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തം
ഇടതുപക്ഷ എതിരാളികൾക്കിടയിലും ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ഫലസ്തീൻ പൗരന്മാർക്കിടയിലും പോളിങ് വളരെ ഉയർന്നതാണെന്ന് തെരഞ്ഞെടുപ്പ് ആരംഭിച്ച് അഞ്ച് മണിക്കൂറിന് ശേഷം പുറത്തുവിട്ട സന്ദേശത്തിൽ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ‘നമ്മുടെ വോട്ടും ഉയർന്നതായിരിക്കണം. നിങ്ങളെല്ലാവരും പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തണം, ഇതൊരു നിർണായക നിമിഷമാണ്’- അദ്ദേഹം ആഹ്വാനം ചെയ്തു. ‘വലതുപക്ഷമോ അതോ പലസ്തീനോ’ എന്ന മുദ്രാവാക്യമുയർത്തി സ്വന്തം വോട്ടർമാരെ സംഘടിപ്പിക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു.ഫലസ്തീൻ വോട്ടർമാർ അഭൂതപൂർവ്വമായ രീതിയിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് പലസ്തീൻ സ്ഥാനാർഥി അഹമ്മദ് ടിബി വ്യക്തമാക്കി.
അതിനിടടെ, വ്യാപകമായ കാലതാമസം ഇസ്രായേലിലെ ഫലസ്തീൻ വോട്ടർമാരുടെ വോട്ടവകാശം തടസ്സപ്പെടുത്തുന്നുണ്ടെന്ന് ആരോഹിച്ച് ഒരു ഇസ്രായേലി മനുഷ്യാവകാശ സംഘടന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
ഉയർന്ന പോളിങ് കാരണമാകാം ഈ തടസ്സങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിലും, കുറഞ്ഞത് 18 കമ്മ്യൂണിറ്റികളിലെങ്കിലും വോട്ടെടുപ്പ് വൈകുന്നതായി അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ കാലതാമസം മനഃപൂർവ്വമാണോ എന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ നെഗേവ് മരുഭൂമിയിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ടർമാരെ തടയാൻ പോലീസ് ക്രൗഡ് കൺട്രോൾ മറയാക്കുന്നുവെന്ന ആശങ്കയും എ.സി.ആർ.ഐ ഉന്നയിച്ചിട്ടുണ്ട്.

