ഇറാൻ ആക്രമണത്തിൽ തകർന്ന സ്ഥലങ്ങൾ സന്ദർശിച്ച് നെതന്യാഹു; നിലനിൽപ്പിന്‍റെ പോരാട്ടമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
text_fieldsതെൽ അവീവ്: ഇറാന്‍റെ മിസൈലാക്രമണത്തിൽ തകർന്ന സെൻട്രൽ ഇസ്രായേലിലെ ബാത് യാമിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും നേരിട്ടു കാണാനെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ഇറാൻ തിരിച്ചടിക്കു പിന്നാലെ നെതന്യാഹു രാജ്യംവിട്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. സിവിലിയന്മാരെ കൊലപ്പെടുത്തിയതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങൾക്കിത് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. ലക്ഷ്യം കൈവരിക്കും. ഇസ്രായേലിലെ ഓരോ പൗരനും ഇപ്പോൾ അത് മനസ്സിലായിക്കാണും എന്ന് കരുതുന്നു’ -നെതന്യാഹു പറഞ്ഞു.
ഇറാന്റെ കൈവശം ഇതുപോലുള്ള 20,000 മിസൈലുകൾ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ഇസ്രായേലിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. അതുകൊണ്ടാണ് ഈ യുദ്ധം തുടങ്ങിയത്. അവസാന വിജയം ഇസ്രായേലിനാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രിയും പുലർച്ചെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ ഇറാൻ കനത്ത നാശനഷ്ടമാണ് വരുത്തിയത്. ആക്രമണത്തിൽ ഇതുവരെ ഇസ്രായേലിൽ പത്ത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബാത് യാം നഗരത്തിൽ ഒരു കെട്ടിടം നേരിട്ടുള്ള ആക്രമണത്തിൽ തകരുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു. 140ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് രണ്ട് മൃതദേഹങ്ങൾ പുറത്തെടുത്തത്. കുറഞ്ഞത് ഏഴു പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും ഇവർ അവശിഷ്ടങ്ങൾക്കടിയിൽ ആയിരിക്കാമെന്നും അധികൃതർ സംശയിക്കുന്നു. ഇറാന്‍റെ തിരിച്ചടി ഭയന്ന് രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾ അഭയകേന്ദ്രങ്ങളിലേക്ക് മാറി.
ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം ആക്രമിച്ചതിനു പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയത്. അതേസമയം, തെഹ്റാനിലെ ആയുധ ഉൽപാദന കേന്ദ്രങ്ങൾക്കു സമീപം തമാസിക്കുന്ന ഇറാനിയൻ പൗരന്മാരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ച ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ആയുധ കേന്ദ്രങ്ങൾ സൈന്യം ആക്രമിക്കുമെന്നും ആണവ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

