ഗസ്സയിൽ പാവഭരണകൂടം സ്ഥാപിക്കാൻ പദ്ധതി അവതരിപ്പിച്ച് നെതന്യാഹു
text_fieldsതെൽ അവീവ്: യുദ്ധാനന്തര ഗസ്സയിൽ ഇസ്രായേലിന് പൂർണ്ണ നിയന്ത്രണമുള്ള പാവഭരണകൂടത്തെ നിയമിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ സ്ഥലങ്ങളിലെല്ലാം ജനവാസമോ കെട്ടിടങ്ങളോ അനുവദിക്കാതെ ബഫർസോണാക്കി മാറ്റുമെന്നും യുദ്ധകാല കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ച പദ്ധതിയിൽ നെതന്യാഹു പറയുന്നു.
ഗസ്സയുടെ ഭരണത്തിനായി പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കും. ഹമാസിന് പകരം ഈ ഓഫീസുകളായിരിക്കും ഗസ്സയുടെ ഭരണം നടത്തുക.ഹമാസിനെ പൂർണ്ണമായും തകർക്കുന്നത് വരെ ഇസ്രായേൽ പ്രതിരോധസേന ഗസ്സയിലെ യുദ്ധം തുടരും. യുദ്ധാനന്തരം ഗസ്സ മുനമ്പിൽ ഇസ്രായേൽ പ്രതിരോധ സേനക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവും.
ഈജിപ്ത്-ഗസ്സ അതിർത്തി അടക്കും. എന്നാൽ, ഇസ്രായേലിന്റെ പുതിയ പദ്ധതിയെ അറബ് രാജ്യങ്ങൾ ഉൾപ്പടെയുള്ളവർ അംഗീകരിക്കില്ല. ദ്വിരാഷ്ട്രമെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോവില്ലെന്ന് അറബ് രാജ്യങ്ങൾ ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസീയുസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

