ഫലസ്തീനികളെ ഗസ്സയിൽനിന്ന് പുറത്താക്കാൻ വഴിതേടി നെതന്യാഹുവും ട്രംപും
text_fieldsവൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്ത് കൈമാറുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ പോംവഴിയെന്ന നിലയിൽ ഫലസ്തീനികളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി വീണ്ടും ഇസ്രായേലും അമേരിക്കയും.
വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇക്കാര്യം ചർച്ച ചെയ്തത്. ഫലസ്തീനികളെ ബലംപ്രയോഗിച്ച് ഗസ്സയിൽനിന്ന് പുറത്താക്കി മറ്റു രാജ്യങ്ങളിൽ കുടിയിരുത്തുകയെന്ന പദ്ധതി മുമ്പും ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു.
ഫലസ്തീനികളെ പുറത്താക്കിയശേഷം ഫലസ്തീൻ വിനോദസഞ്ചാര മേഖലയാക്കുമെന്ന പ്രസ്താവനയും ട്രംപ് മുമ്പ് നടത്തിയിരുന്നു. 60 ദിവസത്തെ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഇസ്രായേലും ഹമാസും ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുന്നതിനിടെയാണ് ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസിലെ ബ്ലൂ റൂമിൽ കൂടിക്കാഴ്ച നടത്തിയത്.
ഫലസ്തീനികളുടെ മികച്ച ഭാവിക്കുവേണ്ടിയാണ് ഇസ്രായേൽ ഗസ്സയിൽനിന്ന് അവരെ ഒഴിപ്പിക്കുന്ന നിർദേശം മുന്നോട്ടുവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ‘‘ജനങ്ങൾ നിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിൽക്കാം. എന്നാൽ, പോകാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. ഇതൊരു ജയിലാവരുത്. ഇത് സ്വാതന്ത്ര്യമുള്ള, തുറന്ന സ്ഥലമാവണം’’ -നെതന്യാഹു പറഞ്ഞു.
അതേസമയം, ദോഹയിൽ ഇസ്രായേൽ-ഹമാസ് ചർച്ച തുടരുകയാണ്. മൂന്നു ദിവസത്തിനിടെ നാലുവട്ടം ചർച്ച നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഒരേ കെട്ടിടത്തിലെ വെവ്വേറെ മുറികളിൽ ഇരുന്ന് ഖത്തറിന്റെ മധ്യസ്ഥതയിലാണ് ചർച്ച.
ട്രംപിനെ നൊബേൽ സമ്മാനത്തിന് നിർദേശിച്ച് നെതന്യാഹു
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘സമാധാനം കെട്ടിപ്പടുക്കുന്നതിൽ’ ട്രംപ് നിർണായക പങ്കുവഹിച്ചതായി നെതന്യാഹു പറഞ്ഞു.
സമാധാന നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെ നെതന്യാഹു കൈമാറി. ഒന്നിനു പിറകെ ഒന്നായി പ്രദേശങ്ങളിൽ അദ്ദേഹം സമാധാനം സ്ഥാപിക്കുകയാണ്. അതിനാൽ, നൊബേൽ സമ്മാന കമ്മിറ്റിക്ക് അയച്ച കത്ത് പ്രദർശിപ്പിക്കുകയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
ട്രംപ് സമാധാന നൊബേലിന് അർഹനാണെന്നും അദ്ദേഹത്തിന് സമ്മാനം ലഭിക്കണമെന്നും നെതന്യാഹു പറഞ്ഞു. ലോകത്ത്, പ്രത്യേകിച്ച് മധ്യേഷ്യയിൽ സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. നാമനിർദേശത്തിൽ അത്ഭുതപ്പെട്ടതായി ട്രംപ് പറഞ്ഞു. നാമനിർദേശം ചെയ്തത് തനിക്കറിയില്ലായിരുന്നെന്നും വളരെ അർഥപൂർണമായ കാര്യമാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
വർഷങ്ങളായി ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്യാറുണ്ട്. കമ്മിറ്റി അവഗണിക്കുന്നെന്നായിരുന്നു ട്രംപിന്റെ പരാതി. ഇന്ത്യ-പാകിസ്താൻ, സെർബിയ-കൊസോവോ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചിട്ടും അവഗണിച്ചെന്നായിരുന്നു പരാതി. 1906ൽ തിയോഡോർ റൂസ്വെൽറ്റ്, 1919ൽ വുഡ്രോ വിൽസൺ, 2009ൽ ബരാക് ഒബാമ എന്നിവരാണ് സമാധന നൊബേൽ സമ്മാനം നേടിയ യു.എസ് പ്രസിഡന്റുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

