നെതന്യാഹുവിന് ശസ്ത്രക്രിയ
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. മൂത്രനാളിയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പ്രധാനമന്ത്രി വിധേയനാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ നെതന്യാഹു ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ നെതന്യാഹുവിന് പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആശുപത്രി ഡയറക്ടറെ തടവിലിട്ട് ഇസ്രായേൽ
ഗസ്സ സിറ്റി: ഉത്തര ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി തീയിട്ട് നശിപ്പിച്ച ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അപലപിച്ചു. ഈ ഭീകരത അവസാനിപ്പിക്കണമെന്നും ആരോഗ്യ കേന്ദ്രങ്ങൾ സംരക്ഷിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.
ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ജീവനക്കാരെയും പുറത്താക്കിയ ഇസ്രായേൽ സേന, ഡയറക്ടറെ അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുകയാണ്. ഡോ. ഹുസ്സാം അബൂ സാഫിയയെയും നിരവധി ആശുപത്രി ജീവനക്കാരെയും സേന ബലംപ്രയോഗിച്ച് തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായാണ് ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
അതേസമയം, ശനിയാഴ്ച ഗസ്സയിലുടനീളമുള്ള ആക്രമണങ്ങളിൽ ഇസ്രായേൽ സൈന്യം 36 ഫലസ്തീനികളെ കൊന്നതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

