ഇറാൻ ആണവ കരാർ മുടക്കാൻ നെതന്യാഹു യു.എസിൽ; ഉപരോധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സമ്മർദം
text_fieldsനെതന്യാഹുവും ട്രംപും
വാഷിങ്ടൺ: ഇറാനുമായി ആണവ കരാറിലെത്താൻ ഒരുക്കമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിറകെ ഇസ്രായേൽ പ്രസിഡന്റ് ബിന്യമിൻ നെതന്യാഹു യു.എസിൽ. ഇറാനുമായി ചർച്ച തുടരാനും ഉപരോധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സമ്മർദവുമായി നെതന്യാഹു ഇന്ന് വൈറ്റ്ഹൗസിൽ ട്രംപിനെ കാണും. ട്രംപ് അധികാരത്തിൽ തിരിച്ചെത്തി 13 മാസം പിന്നിടുന്നതിനിടെ ഏഴാംതവണയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. പശ്ചിമേഷ്യയിൽ ശക്തമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച ഒമാനിൽ ഇറാനുമായി യു.എസ് ചർച്ച നടത്തിയിരുന്നു. ആക്രമണ നീക്കത്തിൽനിന്ന് യു.എസ് പിൻവാങ്ങുന്നുവെന്ന സൂചന നൽകി അവസാനിച്ച ചർച്ചകളുടെ തുടർച്ച നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ തിരക്കിട്ട ഇടപെടൽ.
കരാറിലെത്താനായില്ലെങ്കിൽ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രതികാരമായി പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങൾ ബോംബിടുമെന്ന് ഇറാനും പ്രതികരിച്ചു. ഇറാന് അണുവായുധങ്ങൾ മാത്രമല്ല, മിസൈലുകളും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, ഒരു യുദ്ധക്കപ്പൽകൂടി പശ്ചിമേഷ്യയിലേക്ക് അയക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. ഇറാനുമായി ആണവകരാർ മാത്രമല്ല, ബാലിസ്റ്റിക് മിസൈലുകളും വിലക്കണമെന്നാണ് ഇസ്രായേൽ ആവശ്യം. ഹമാസ്, ഹിസ്ബുല്ല പോലുള്ള വിഭാഗങ്ങൾക്ക് പിന്തുണയും അനുവദിക്കരുത്. ഇത്രയും ആവശ്യങ്ങൾ ഇറാൻ നിരാകരിച്ചാൽ സൈനികനീക്കം സംബന്ധിച്ച ചർച്ചയും ഇരുവരും നടത്തും. കഴിഞ്ഞ ദിവസം യു.എസിലെത്തിയ നെതന്യാഹു യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവരുമായി ചർച്ച നടത്തി.
ഇസ്രായേലുമായി നടന്ന 12 ദിവസ യുദ്ധത്തിന്റെ കെടുതികൾ ഇപ്പോഴും ഇറാനെ വേട്ടയാടുന്നുണ്ട്. ആയിരത്തോളം പേർ കൊല്ലപ്പെട്ട യുദ്ധത്തിനിടെ ഇസ്രായേലിനെ സഹായിച്ച് അമേരിക്ക ഇറാൻ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. എന്നാൽ, ആണവനിലയങ്ങളിൽ ഇപ്പോഴും പ്രവർത്തനം നടക്കുന്നതായാണ് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഇവിടെ നിരീക്ഷണം നടത്താനുള്ള അന്താരാഷ്ട്ര ആണവോർജ ഏജൻസി ആവശ്യം ഇതുവരെ ഇറാൻ അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

