ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ല; യു.കെയുടേത് ഭീകരതക്കുള്ള സമ്മാനം, മറുപടി നൽകും -നെതന്യാഹു
text_fieldsവാഷിങ്ടൺ: ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.കെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയത് തീവ്രവാദത്തിന് സമ്മാനം നൽകുന്നതിന് പോലെയാണെന്ന് നെതന്യാഹു വിമർശിച്ചു. ഇതിന് താൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്നിലും മറ്റ് എല്ലാവേദികളിലും ഞങ്ങൾക്കെതിരായ നീക്കങ്ങൾക്കെതിരെ പോരാടം. ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനെന്ന രാഷ്ട്രം ഉണ്ടാകുന്നത് താൻ വർഷങ്ങളായി തടയുകയായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടി അന്താരാഷ്ട്രതലത്തിലും ആഭ്യന്തരതലത്തിലും വലിയ സമ്മർദം താൻ നേരിട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. സമ്മർദങ്ങൾക്കിടയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുതന്നെ വരും വർഷങ്ങളിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാഷ്ട്രമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ
ഗസ്സ സിറ്റി: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരവുമായി കൂടുതൽ രാജ്യങ്ങൾ. ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പോംവഴി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.എൻ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത്.
ഫ്രാൻസും സൗദി അറേബ്യയും ചേർന്നുള്ള നയതന്ത്രനീക്കത്തിന്റെ ഭാഗമായാണ് ഞായറാഴ്ച യു.എൻ പൊതുസഭ ചേർന്നത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചു.
നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ വൻകരകളും യൂറോപിൽ ചില കിഴക്കൻ മേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇത് യൂറോപ്പിലും വ്യാപകമായി അംഗീകാരം നേടുന്നത് ഇസ്രായേലിനും പിന്തുണക്കുന്ന അമേരിക്ക അടക്കം രാജ്യങ്ങൾക്കും മേൽ സമ്മർദം ഇരട്ടിയാക്കും. 145 ൽ ഏറെ രാജ്യങ്ങൾ നേരത്തേ അംഗീകാരം നൽകിയ രാഷ്ട്ര പദവി ഫലസ്തീന് സഹായമെത്തിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വേഗം നൽകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

