Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെതന്യാഹുവിനെ യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്യണമെന്ന് സമാധാന നോബൽ ജേതാവ് നവി പിള്ള

text_fields
bookmark_border
Navi Pillay
cancel
camera_alt

നവി പിള്ള

ലണ്ടൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ വിചാരണ നേരിടണമെന്ന് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും ദക്ഷിണാഫ്രിക്കൻ മുൻ ന്യായാധിപയുമായ നവി പിള്ള. ഐക്യരാഷ്ട്രസഭയുടെ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമീഷൻ ഓഫ് ഇൻക്വയറിയുടെ തലപ്പത്തിരുന്നപ്പോൾ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുണ്ടെന്ന് നവി പിള്ള കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.

സമാധാന നൊബേൽ പ്രഖ്യാപനത്തിന് പിന്നാലെ നവി പിള്ളക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി ഇസ്രായേൽ രംഗത്തെത്തിയിരുന്നു. നവി പിള്ള വംശീയ വിദ്വേഷമുള്ള വ്യക്തിയാണെന്ന് നെതന്യാഹു ആരോപിച്ചപ്പോൾ, നാസി പ്രചാരകനായ ജോസഫ് ഗീബൽസ് 'നരകത്തിൽ നിന്ന് കൈയടിക്കുന്നുണ്ടാകും' എന്നായിരുന്നു ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാൽ ഈ പ്രതികരണങ്ങൾ തികച്ചും വ്യക്തിഹത്യ നടത്തുന്നതും വേദനാജനകവുമാണെന്ന് നവി പിള്ള മറുപടി നൽകി.

ഗീബൽസിന്റെ കൈകളിൽ ആയിരക്കണക്കിന് മനുഷ്യരുടെ രക്തക്കറയുണ്ടായിരുന്നു. ജൂതന്മാരുടെ മാത്രമല്ല, എന്നെപ്പോലുള്ള കറുത്തവർഗ്ഗക്കാരായ മനുഷ്യരുടെയും മരണത്തിന് ഉത്തരവാദിയാണയാൾ. അതിനാൽ ഇത്തരം പരാമർശങ്ങൾ അപമാനകരമാണ് നവി പിള്ള പറഞ്ഞു. നെതന്യാഹുവിനെ ഉടൻ അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയ സാഹചര്യങ്ങൾ അനുവദിച്ചേക്കില്ലെങ്കിലും, ഭാവിയിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കൂട്ടിനകത്ത് നിൽക്കേണ്ടി വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

'സ്കൈ ന്യൂസിന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗസ്സയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അവർ വിശദീകരിച്ചു. ഗസ്സയിൽ സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഞങ്ങളുടെ പ്രധാന ശിപാർശയും കണ്ടെത്തലും ഇതാണ്. ഇസ്രായേൽ പ്രസിഡന്റ്, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി എന്നിവരെ വിചാരണ ചെയ്യണം. ദേശീയ കോടതികളിലോ അല്ലെങ്കിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലോ ഇവർ യുദ്ധക്കുറ്റ വിചാരണ നേരിടേണ്ടതുണ്ട് നവി പിള്ള പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധത്തെ നവി പിള്ള വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ച് ട്രംപ് സ്വന്തം നിയമോപദേശകരുമായി സംസാരിക്കണമെന്ന് അവർ ഉപദേശിച്ചു. സ്വതന്ത്രമായ അന്താരാഷ്ട്ര കോടതിയുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തനിക്ക് നൊബേൽ പുരസ്കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടം ഐസിസിക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പുരസ്കാരം ട്രംപിന് ലഭിക്കാത്തതിലുള്ള അമർഷമാണ് ഈ പ്രതികാര നടപടിക്ക് പിന്നിലെന്ന് നവി പിള്ള ആരോപിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ സ്വാഗതം ചെയ്ത അമേരിക്ക, നെതന്യാഹുവിനെതിരെയുള്ള അന്വേഷണത്തെ എതിർക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പാണെന്ന് അവർ ചൂണ്ടിക്കാട്ടി. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തിയതിനും പ്രതികാരമായി ഐസിസിയെ ഘട്ടംഘട്ടമായി തകർക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ബാങ്കിങ്, സാങ്കേതിക പ്രവർത്തനങ്ങളെ ബാധിക്കുന്ന ഉപരോധം ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

അതേസമയം, ഹേഗിലെ കോടതിയിൽ പരിഷ്കാരങ്ങൾ വരുത്താൻ ട്രംപുമായി ചർച്ച നടത്താമെന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നിർദേശിച്ചെങ്കിലും, നവി പിള്ള അതിനോട് വിയോജിച്ചു. അമേരിക്കൻ പൗരന്മാരെ വിചാരണ ചെയ്യുന്നതിൽ നിന്ന് കോടതിയെ തടയുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. എന്നാൽ ഒരു കൂട്ടർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് വേറൊരു നിയമവും നടപ്പിലാക്കാൻ കഴിയില്ലെന്നും, അത് വളരെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും നവി പിള്ള മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Netanyahu Should Face ICC Trial says navi pillay
Next Story