ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ആക്രമണം തുടരും; മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു
text_fieldsതെൽ അവീവ്: ഹമാസിന്റെ നിരായുധീകരണം അടക്കമുള്ള രണ്ടാംഘട്ട വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായാൽ മാത്രമേ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കുകയുള്ളൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സ മുനമ്പിൽ നിന്നു ഹമാസ് സേനയെ പിൻവലിക്കുകയും നിരായുധീകരിക്കുകയും വേണം. ഇല്ലെങ്കിൽ ഗസ്സക്ക് മേൽ ആക്രമണം കനപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഗസ്സക്ക് നേരെയുള്ള അക്രമണം ഇസ്രായേൽ തുടരുകയാണ്. റഫ അതിർത്തി തുറക്കുന്നത് അടക്കമുള്ള വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടില്ല. ആവശ്യ സാധനങ്ങൾ കടത്തിവിടാനും ഈജിപ്തിൽ കുടുങ്ങിയ ഫലസ്തീനികൾക്ക് ഗസ്സയിലേക്ക് തിരിച്ചു പോകാനുമുള്ള പ്രധാന കവാടമാണ് റഫ. മരുന്നും ഭക്ഷണവുമടക്കമുള്ള മാനുഷിക സഹായങ്ങൾ റഫ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്.
വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിനെതിരെ നടപടി എടുക്കണമെന്ന് യു.എസിനോടും മധ്യസ്ഥ രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മരിച്ച 28 ബന്ദികളുടെയും മൃതദേഹങ്ങൾ തിരിച്ചു നൽകിയാലേ അതിർത്തി തുറക്കുകയുള്ളൂ എന്നാണ് ഇസ്രായേൽ വാദം. ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. അവ വീണ്ടെടുക്കാനാവശ്യമായ പ്രത്യേക ഉപകരണങ്ങൾ ഇല്ലാതെ മൃതദേഹങ്ങൾ കൈമാറാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
ഇതുവരെ പതിനൊന്ന് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഗസ്സയിൽ കൊല്ലപ്പെട്ട എല്ലാ ബന്ദികളെയും തിരികെ നൽകിയില്ലെങ്കിൽ ഇസ്രായേൽ ആക്രമണത്തെ പിന്തുണക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അറിയിച്ചിരുന്നു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ 38 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കരാർ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റിയിട്ടുണ്ടെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ജീവനുള്ള ബന്ദികളെ എല്ലാവരെയും കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

