‘ഇറാനിയൻ അച്ചുതണ്ടിനെ ഇല്ലാതാക്കും; ഹമാസിനെ തുടച്ചുനീക്കും’; യുദ്ധം ലക്ഷ്യം നേടുമെന്നും നെതന്യാഹു
text_fieldsതെൽ അവീവ്: ഹമാസിനെ ഇല്ലാതാക്കുമെന്നും യുദ്ധം ലക്ഷ്യം നേടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ശത്രുക്കളെ നിശിപ്പിക്കാനുള്ള പോരാട്ടത്തിലണ് തങ്ങളെന്നും ഇറാനിയൻ അച്ചുതണ്ടിനെ ഇല്ലാതാക്കുമെന്നും ഗസ്സ ഇനിയൊരു ഭീഷണിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെൽ അവീവിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ജനറൽ സ്റ്റാഫ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് നെതന്യാഹുവിന്‍റെ ഭീഷണി. ‘ശത്രുക്കൾക്കെതിരായ പോരാട്ടത്തിലാണ് നമ്മൾ. ഇറാനിയൻ അച്ചുതണ്ടിനെ ഇല്ലാതാക്കും, അതിനുള്ള ശക്തിയും കരുത്തും നമ്മുക്കുണ്ട്. ഇതാണ് ഇസ്രായേലിനു മുന്നിലുള്ള ലക്ഷ്യം, ഇസ്രായേൽ സുരക്ഷയുമായി ബന്ധപ്പെട്ട് വരാനിരിക്കുന്നത് ചരിത്ര വർഷമാകും’ -നെതന്യാഹു പറഞ്ഞു. പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ഐ.ഡി.എഫ് മേധാവി ഇയാൽ സമീർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഗസ്സയിൽ മാത്രമല്ല, ഹമാസിന്റെ ഉന്മൂലനം പൂർത്തീകരിക്കൽ, ബന്ദികളെ മോചിപ്പിക്കൽ, ഗസ്സ ഇനി ഇസ്രായേലിന് ഒരു ഭീഷണിയല്ലാതിരിക്കുക തുടങ്ങിയ എല്ലാ യുദ്ധ ലക്ഷ്യങ്ങളും നേടിയെടുക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. യു.കെ ഉൾപ്പെടെ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ പ്രതികരണം അടുത്തയാഴ്ച താൻ യു.എസിൽനിന്ന് മടങ്ങിയെത്തിയശേഷം അറിയിക്കാമെന്നും നെതന്യാഹു പറഞ്ഞു.
ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ, പോർചുഗൽ, അൻഡോറ, ബെൽജിയം, ലക്സംബർഗ്, മാൾട്ട്, സാൻ മറിനോ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ആരംഭിച്ച യു.എൻ രക്ഷാസമിതിയുടെ 80ാം വാർഷിക യോഗത്തിൽ നടപടിക്രമം പൂർത്തിയാക്കുമെന്ന് രാജ്യങ്ങൾ പ്രഖ്യാപിച്ചു. സ്പെയിൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ വർഷം അംഗീകാരം നൽകി. ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്.
നേരത്തേ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യയിലെയും യൂറോപ്പിലെ ചില കിഴക്കൻമേഖല രാജ്യങ്ങളുമാണ് പ്രധാനമായി ഫലസ്തീൻ രാഷ്ട്രം അംഗീകരിച്ചിരുന്നത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയുമാണ് യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയതും ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാൻ രാഷ്ട്രനേതാക്കളെ പ്രേരിപ്പിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

