ഗസ്സയിൽ ആക്രമണം നടത്തുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് നെതന്യാഹു
text_fieldsഗസ്സ: ഗസ്സയിൽ ആക്രമണം നടത്തുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെ പൂർണമായും നശിപ്പിക്കുന്നത് വരെ ഗസ്സയിലെ ആക്രമണം നിർത്തില്ലെന്നും നെതന്യാഹു പറഞ്ഞു. മുഴുവൻ ബന്ദികളേയും മോചിപ്പിക്കുകയും മേഖല തങ്ങൾക്ക് ഭീഷണിയാവില്ലെന്ന് ഉറപ്പാക്കുകയും ചെയ്തതിന് ശേഷം മാത്രമേ ആക്രമണം നിർത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആണവശക്തിയായി മാറുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. അതേസമയം, ബന്ദികളെ തിരിച്ചെത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് കടുത്ത സമ്മർദമാണ് നെതന്യാഹു നേരിടുന്നത്. ബന്ദികളുടെ കുടുംബാംഗങ്ങളിൽ നിന്ന് മാത്രമല്ല അനുയായികളിൽ നിന്ന് പോലും നെതന്യാഹു വിമർശനം നേരിടുന്നുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 90 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഹമാസിനെ സമ്മർദത്തിലാക്കുന്നതിന് ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുകയാണെന്ന് ഇസ്രായേൽ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിലാണ് ആക്രമണം കൂടുതൽ ശക്തമായി തുടരുന്നത്. റഫയിൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

