ഗസ്സയിൽ ഭരണം നടത്താനില്ല, ഹമാസിനെ ഉന്മൂലനം ചെയ്യും; ബന്ദികളുടെ മോചനം വരെ വെടിനിർത്തലില്ല -നെതന്യാഹു
text_fieldsഗസ്സ: ഗസ്സയിൽ ഭരണം നടത്താനില്ലെന്നും എന്നാൽ, ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു മുൻ നിലപാട് മാറ്റിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ സൈന്യം ഗസ്സയിൽ ആക്രമണം തുടരും. അതിനെ ഒന്നും തടയില്ല. ഗസ്സയിലെ തടവുകാരെ മോചിപ്പിക്കുന്നതു വരെ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
യുദ്ധാനന്തരം ഗസ്സ വിടില്ലെന്നും പൂർണ നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തങ്ങൾക്കാകുമെന്നുമാണ് ബിന്യമിൻ നെതന്യാഹു മുമ്പ് പ്രഖ്യാപിച്ചത്. നെതന്യാഹുവിന്റെ നിലപാടിനോട് പ്രതികരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഹമാസിനെ കീഴടക്കിയ ശേഷം ഗസ്സയിൽ ഒരിക്കൽ കൂടി ഇസ്രായേൽ അധിനിവേശം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
യുദ്ധാനന്തരം എന്ത് എന്നത് സംബന്ധിച്ച് ആരോഗ്യകരമായ സംഭാഷണങ്ങൾ ആവശ്യമാണ്. എന്നാൽ, ഗസ്സയിലെ ഭരണം ഒക്ടോബർ ആറിലേതു പോലെയാകരുതെന്ന വിഷയത്തിൽ ഇസ്രായേലിനൊപ്പമാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാവക്താവ് ജോൺ കിർബി കൂട്ടിച്ചേർത്തു.
എന്നാൽ, ഹമാസിനു ശേഷം ഗസ്സയുടെ ഭാവി സംബന്ധിച്ച് കിർബി പറഞ്ഞത് വ്യാമോഹം മാത്രമാണെന്നും ചെറുത്തുനിൽപിലാണ് തങ്ങളുടെ ജനതയെന്നും അവരുടെ ഭാവി അവർ തന്നെ തീരുമാനിക്കുമെന്നും ഹമാസ് വക്താവ് അബ്ദുല്ലത്തീഫ് അൽഖാനൂ വ്യക്തമാക്കിയത്.
ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തലില്ലെന്ന് ഇസ്രായേൽ പറയുമ്പോൾ വെടിനിർത്താതെ ബന്ദികളുടെ മോചനം സാധ്യമാകില്ലെന്ന് ഹമാസും പറയുന്നു. 2005ൽ സൈന്യത്തെ പിൻവലിച്ചെങ്കിലും ഇസ്രായേൽ നിയന്ത്രണം നിലനിർത്തുന്ന പ്രദേശമാണ് ഗസ്സ. അതിർത്തികൾ, വ്യോമമേഖല, കടൽ എന്നിവയുടെ നിയന്ത്രണം പൂർണമായി ഇസ്രായേലിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

