ഗസ്സയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെ നെതന്യാഹു ട്രംപിനെ കാണുന്നു; കൂടിക്കാഴ്ച സെപ്തംബർ 29ന്
text_fieldsഡോണൾഡ് ട്രംപ്, നെതന്യാഹു
തെൽ അവീവ്: ഗസ്സയിൽ കരയാക്രമണം തുടങ്ങിയതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഡോണൾഡ് ട്രംപിനെ കാണുന്നു. വൈറ്റ് ഹൗസിൽ ഈ മാസം തന്നെയാവും കൂടിക്കാഴ്ച. ജറുസലേമിൽവെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ നെതന്യാഹു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സെപ്തംബർ 29നാണ് നെതന്യാഹുവിന്റെ മൂന്ന് ദിവസത്തെ യു.എസ് സന്ദർശനം നടക്കുക. അന്ന് തന്നെ ട്രംപുമായുള്ള കൂടിക്കാഴ്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ യു.എൻ പൊതുസഭയേയും നെതന്യാഹു അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
നേരത്തെ ഇസ്രായേൽ സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന ചില പരാമർശങ്ങളുടെ പേരിൽ നെതന്യാഹുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇസ്രായേലിന്റെ സമ്പദ്‍വ്യവസ്ഥ കൂടുതൽ സ്വയംപര്യപ്തത കൈവരിക്കണമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. തിങ്കളാഴ്ച ഫോണിൽ വിളിച്ചാണ് നെതന്യാഹുവിനെ ട്രംപ് കൂടിക്കാഴ്ചക്കായി ക്ഷണിച്ചത്. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നടത്തുന്ന നാലാമത്തെ യോഗമാണ് ഇത്.
ഗസ്സ കത്തുകയാണെന്ന് ഇസ്രായേൽ: വൻ കരയാക്രമണം ആരംഭിച്ചു
ഗസ്സയിൽ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പുമായി മുതിർന്ന ഐ.ഡി.എഫ് ഉദ്യോഗസ്ഥൻ. 3,000ത്തോളം ഹമാസ് പോരാളികൾ ഇപ്പോഴും ഗസ്സ നഗരത്തിലുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ സൈന്യത്തിന്റെ സിവിലിയൻ കുരുതി.
ആകാശം, കടൽ, കര എന്നിവിടങ്ങളിൽ നിന്ന് നഗരം വലിയ തോതിൽ ആക്രമിക്കപ്പെടുന്നതായും വൻ സ്ഫോടനങ്ങൾ കണ്ടുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാൽനടയായോ വാഹനങ്ങളിലോ നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് പലായനം ചെയ്യുകയാണ്. പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. രണ്ട് വർഷത്തെ യുദ്ധത്തിൽ തങ്ങൾ നേരിട്ട ഏറ്റവും തീവ്രമായ ബോംബാക്രമണമെന്നാണ് ഫലസ്തീനികൾ ഇതിന് വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

