ബന്ദിമോചനത്തിനും യുദ്ധം അവസാനിപ്പിക്കാനുമുള്ള ഹമാസ് കരാർ നെതന്യാഹു തള്ളി
text_fieldsതെൽ അവിവ്: ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാൽ, ഹമാസിന്‍റെ കരാർ അംഗീകരിക്കുന്നത് ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങളെ വ്യർഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനത്തിനായി ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാർ തള്ളിയത്.
'ഹമാസ് രാക്ഷസന്മാർ മുന്നോട്ടുവെച്ച കരാർ പൂർണമായും തള്ളുന്നു. ഇത് നമ്മൾ അംഗീകരിക്കുകയാണെങ്കിൽ നമ്മുടെ പൗരന്മാർക്ക് സുരക്ഷയെ കുറിച്ച് ഒരുറപ്പും നൽകാൻ നമുക്കിനി കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ സുരക്ഷിതരായി കൊണ്ടുവരാൻ കഴിയില്ല. അടുത്ത ഒക്ടോബർ ഏഴ് ഏത് സമയത്തും സംഭവിച്ചേക്കാം' -നെതന്യാഹു പറഞ്ഞു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പത്തെ താൻ എതിർക്കുന്നതായി കഴിഞ്ഞ ദിവസം നെതന്യാഹു ആവർത്തിച്ചിരുന്നു. ജോർഡന് പടിഞ്ഞാറ് മുഴുവൻ നിയന്ത്രണവും ഇസ്രായേലിന് വേണമെന്നും അത് ഫലസ്തീൻ രാഷ്ട്രത്തിന് എതിരാണെന്നും നെതന്യാഹു എക്സിൽ കുറിച്ചു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതിൽ ഇസ്രായേലിൽ നെതന്യാഹുവിന് മേൽ സമ്മർദം കനക്കുകയാണ്. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധ റാലികളും പരിപാടികളും തുടരുകയാണ്. രാഷ്ട്രീയപാർട്ടികളും സമ്മർദം ചെലുത്തുകയാണ്. യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ടും കാമ്പയിൻ നടക്കുന്നുണ്ട്.
അടുത്ത സഖ്യകക്ഷിയായ യു.എസുമായി സ്വരച്ചേർച്ചകളുണ്ടാകുന്നതും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്നായിരുന്നു നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ, ഇതിന് പിന്നാലെയാണ് ഫലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പത്തെ എതിർത്ത് നെതന്യാഹു തന്നെ പ്രസ്താവനയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

